SHARE

ഐ-ലീ​ഗിലെ സൂപ്പർക്ലബായ ചർച്ചിൽ ബ്രദേഴ്സ് പരിശീലകൻ അന്റോണിയോ റൂയേഡയുമായി കരാർ പുതുക്കിയേക്കും. സീസണിലെ ചർച്ചിലിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് കരാർ പുതുക്കാമെന്ന് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇക്കുറി സീസണിനിടെയാണ് ചർച്ചിലിന്റെ പരിശീലകനായി സ്പെയിനിൽ നിന്നുള്ള റുയേഡ എത്തിയത്. അതുവരെ നിരാശപ്പെടുത്തിയ പ്രകടനം കാഴ്ചവച്ച ചർച്ചിൽ റുയേഡയ്ക്ക് കീഴിൽ മിന്നി. തുടർച്ചയായി അഞ്ച് വിജയം നേടിയാണ് അവർ പോയിന്റ് പട്ടികയിൽ മുന്നേറിയത്. റുയേഡയ്ക്ക് കീഴിൽ കളിച്ച ഒമ്പത് മത്സരങ്ങളിൽ ഏഴിലും ചർച്ചിൽ വിജയിച്ചു. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ​ഗോകുലം കേരളയോട് സമനില വഴങ്ങിയപ്പോൾ, രണ്ടാം സ്ഥാനത്തുള്ള മൊഹമ്മദനോട് അവർ തോറ്റു.

നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാമതാണ് ചർച്ചിൽ. ഇന്ന് ശ്രീനിധി ഡെക്കാനെതിരായ മത്സരത്തിൽ സമനില വഴങ്ങിയാൽ മതി ചർച്ചിലിന് മൂന്നാം സ്ഥാനം ഉറപ്പിക്കാൻ. ഈ സാഹചര്യത്തിൽ അടുത്ത സീസണിലും റുയേഡ ക്ലബിനൊപ്പം തുടരുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു.