SHARE

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഈ സീസണിലെ ഐലീഗ് ഉപേക്ഷിക്കും. കഴിഞ്ഞ‌ദിവസം വീഡിയോ കോൺഫറൻസിംഗിലൂടെ എ ഐ എഫ് എഫ് ലീഗ് കമ്മറ്റി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. മത്സരങ്ങൾ ഉപേക്ഷിക്കുന്നതിനാൽ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മോഹൻ ബഗാനെ ഐലീഗ് ചാമ്പ്യന്മാരായി പ്രഖ്യാപിക്കും.

അതേ സമയം ലീഗിലെ ഒന്നാം സ്ഥാനംമാത്രമേ ഇത്തവണ പ്രഖ്യാപിക്കൂ. മോഹൻബഗാന് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കേണ്ട മുഴുവൻ പ്രൈസ്മണിയും ലഭിക്കുമ്പോൾ, ടൂർണമെന്റിലെ ബാക്കിയുള്ള പ്രൈസ്മണി മറ്റുള്ള ടീമുകൾക്ക് തുല്യമായി വീതിച്ച് നൽകും. സീസൺ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇത്തവണ ലീഗിൽ തരം താഴ്ത്തലും ഉണ്ടാകില്ല. ഐലീഗ് ഉപേക്ഷിക്കുന്നതിനൊപ്പം സെക്കൻഡ് ഡിവിഷൻ ഐലീഗും, മറ്റ് യൂത്ത് ലീഗുകളും ഉപേക്ഷിക്കാനും എഐഎഫ് എഫ് തീരുമാനിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ്‌ കരുതപ്പെടുന്നത്.