SHARE

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ടി20 സ്പിന്നർമാരിലൊരാളാണ് സൺ റൈസേഴ്സ് ഹൈദരാബാദിന്റെ അഫ്ഗാൻ താരമായ റാഷിദ് ഖാൻ. ബാറ്റ്സ്മാന്മാരുടെയെല്ലാം പേടി സ്വപ്നമായ ഈ വലം കൈയ്യൻ സ്പിന്നർ ഈ വർഷത്തെ ഐപിഎല്ലിലും ഹൈദരാബാദിനായി മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. റൺ വിട്ടു കൊടുക്കുന്നതിൽ പിശുക്കനായ, വിക്കറ്റുകൾ വീഴ്ത്തുന്നതിൽ മിടുക്കനായ റാഷിദിനെപ്പോലൊരു താരം ഏതൊരു ടീമിന്റേയും സ്വപ്നമാണ്.

ഇപ്പോളിതാ അത്തരത്തിലുള്ള താരമായ റാഷിദിനെ ടീമിലെത്തിക്കാൻ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് നടത്തിയ നീക്കം വെളിപ്പെടുത്തിയിരിക്കുകയാണ് സൺ റൈസേഴ്സ് ഹൈദരാബാദിന്റെ മുൻ പരിശീലകനായിരുന്ന ടോം മൂഡി. രണ്ടു വർഷങ്ങൾക്ക് മുൻപ് മുംബൈ ഇന്ത്യൻസ്, സൺ റൈസേഴ്സ് ഹൈദരാബാദിനെ സമീപിച്ചതായും, റാഷിദ് ഖാനെ ട്രേഡ് ചെയ്യുന്നതിന്റെ സാധ്യതകൾ അന്വേഷിച്ചതായും പറയുന്ന മൂഡി, മറ്റ് ഫ്രാഞ്ചൈസികൾക്കൊന്നും റാഷിദ് ഖാനെ ടീമിലെത്തിക്കാൻ തങ്ങൾക്ക് താല്പര്യമുണ്ടെന്ന് ഹൈദരാബാദിനോട് പറയാൻ പോലും ധൈര്യം ഉണ്ടായിരുന്നില്ലെ‌ന്നും എന്നാൽ മുംബൈ അതിന് യാതൊരു മടിയും കാണിച്ചില്ലെന്നും കൂട്ടിച്ചേർത്തു.

മറ്റു ഫ്രാഞ്ചൈസികളിൽ നിന്ന് സാധ്യമായ ട്രേഡുകൾ ആവശ്യപ്പെടാനുള്ള മുംബൈയുടെ ധൈര്യത്തെ മുൻ ഹൈദരാബാദ് പരിശീലക‌ൻ പ്രശംസിക്കുന്നു. എല്ലായ്പ്പോളും സജീവമായി നിൽക്കുന്ന മുംബൈയുടെ സ്വഭാവം മൂലം അവർക്ക് വർഷങ്ങളായി തങ്ങളുടെ ഫോം നിലനിർത്താൻ കഴിയുന്നതായും. മികച്ചതാണെങ്കിലും വീണ്ടും വീണ്ടും ടീമിനെ മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കാൻ അവർ ശ്രമിക്കുന്നതായും മൂഡി ചൂണ്ടിക്കാട്ടി‌.

“ട്രേഡിംഗ് അവസരങ്ങൾ തേടുന്നതിൽ ഏറ്റവും സജീവമായ ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള ഐപിഎൽ അനുഭവത്തിലൂടെ ഞാൻ മനസിലാക്കിയ കാര്യമാണത്. നിങ്ങളുടെ വാതിലിൽ മുട്ടി അവരുടെ ആവശ്യങ്ങൾ അറിയിക്കാൻ അവർ ഭയപ്പെടുന്നില്ല. അതിൽ നാണക്കേട് വിചാരിക്കാറുമില്ല. അവർ വാതിലിൽ മുട്ടിക്കൊണ്ടേയിരിക്കുന്നു. മറ്റ് ഏഴ് ഫ്രാഞ്ചൈസികളോടും അവർ അത് തുടരുകയാണെങ്കിൽ ഒടുവിൽ അവർക്ക് വേണ്ടത് ലഭിക്കും.” മൂഡി പറഞ്ഞു നിർത്തി.