SHARE

പരിക്കിനെത്തുടർന്ന് ശ്രേയസ് അയ്യർക്ക് പതിനാലാം എഡിഷൻ ഐപിഎല്ലിന്റെ ആദ്യ പാദത്തിൽ കളിക്കാനാവാതെ വന്നതോടെയായിരുന്നു ഋഷഭ് പന്തിനെ ടീമിന്റെ നായക‌ സ്ഥാനം ഏൽപ്പിക്കാൻ ഡെൽഹി ക്യാപിറ്റൽസ് തീരുമാനിച്ചത്. ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ അയ്യർ പരിക്ക് മാറിയെത്തുന്നതോടെ ടീമിന്റെ നായക സ്ഥാനവും അദ്ദേഹത്തിന് തിരികെ ലഭിക്കുമെന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്ന മറിച്ചായിരുന്നു സംഭവിച്ചത്.

പന്തിനെ‌ പതിനാലാം സീസൺ ഐപിഎല്ലിൽ ക്യാപ്റ്റനായി നിലനിർത്താൻ ഡെൽഹി ഫ്രാഞ്ചൈസി തീരുമാനിച്ചതോടെ അയ്യർക്ക് സാധാ കളികാരനായി ടീമിൽ ഒതുങ്ങേണ്ടി വന്നു. അയ്യർ തിരിച്ചു വന്നിട്ടും പ‌ന്തിനെ ക്യാപ്റ്റനായി നിലനിർത്താനുള്ള‌ ഡെൽഹി ഫ്രാഞ്ചൈസിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയുമായി. ഇപ്പോളിതാ ഐപിഎല്ലിന്റെ യു എ ഇ പാദത്തിലും പന്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിലനിർത്താനുള്ള ഡെൽഹിയുടെ തീരുമാനത്തിൽ പ്രതികരണവുമായി ശ്രേയസ് അയ്യർ തന്നെ രംഗത്തെത്തിയിരിക്കുന്നു.

പന്തിനെ ടീമിന്റെ ക്യാപ്റ്റനായി നിലനിർത്താനുള്ള‌ ഡെൽഹി ഫ്രാഞ്ചൈസിയുടെ തീരുമാനത്തെ താൻ പൂർണമായും ബഹുമാനിക്കുന്നുവെന്ന് പറയുന്ന അയ്യർ ക്യാപ്റ്റൻസി നഷ്ടപ്പെട്ടത്‌ മൂലം തന്റെ മാനസികാവസ്ഥയിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന ഐപിഎൽ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അയ്യർ.

“എനിക്ക് ക്യാപ്റ്റൻസി ലഭിച്ചപ്പോൾ ഞാൻ മറ്റൊരു മാനസികാവസ്ഥയിലായിരുന്നു. എന്റെ മനോനിലയും, തീരുമാനമെടുക്കലും മികച്ചതായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഇത് ശരിക്കും സഹായിച്ചു. പക്ഷേ ഇത് ഫ്രാഞ്ചൈസിയിൽ നിന്നുള്ള തീരുമാനമെടുക്കലിന്റെ ഭാഗമാണ്. ക്യാപ്റ്റൻ സ്ഥാനത്ത് പന്തുമായി മുന്നോട്ട് പോകാനുള്ള അവരുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു.”

“ഋഷഭ് പ‌ന്തിനെ സംബന്ധിച്ചിടത്തോളം സീസണിന്റെ തുടക്കം മുതൽ അദ്ദേഹം നന്നായി ടീമിനെ നയിക്കുന്നു. അതു കൊണ്ടാണ് സീസണവസാനം വരെ അദ്ദേഹത്തെ ക്യാപ്റ്റനായി തുടരാൻ ഫ്രാഞ്ചൈസി അനുവദിച്ചത്. ഞാൻ അതിനെ പൂർണമായും ബഹുമാനിക്കുന്നു. എനിക്ക് അത് കൊണ്ട് വലിയ മാറ്റമൊന്നുമില്ല.” അയ്യർ പറഞ്ഞു നിർത്തി.