SHARE

ടീമിൽ ഇടം പിടിക്കാൻ ഋഷഭ് പ‌ന്തുമായി തനിക്ക് മത്സരമില്ലെന്നും, അദ്ദേഹത്തിനൊപ്പം ഒരുമിച്ചുകളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മലയാളി സൂപ്പർ താരം‌ സഞ്ജു സാംസൺ. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പന്തിനെക്കുറിച്ചും, അദ്ദേഹത്തിനൊപ്പം കളിച്ചതിനെക്കുറിച്ചുമെല്ലാം സഞ്ജു മനസ് തുറന്നത്. തങ്ങൾ നല്ല കൂട്ടുകാരാണെന്നും, രണ്ട് പേരുടേയും സ്വാഭാവിക രീതി ആക്രമണമാണെന്നും സഞ്ജു അഭിമുഖത്തിനിടെ ചൂണ്ടിക്കാട്ടി.

സഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, “പന്തും ഞാനുമായുള്ള മത്സരത്തെക്കുറിച്ച് ആൾക്കാർ പറയുമ്പോളെല്ലാം ഞങ്ങളിരുവരും ഒരുമിച്ച് കളിച്ചതിനെക്കുറിച്ചാണ് ഞാൻ ആലോചിക്കുക. ഒരുമിച്ച് കളിച്ചിരുന്നത് ഞങ്ങൾ ഇരുവരും ഏറെ ആസ്വദിച്ചിരുന്നു. അത് വളരെ മികച്ച കാര്യമായി ഞാൻ കരുതുന്നു. ഞങ്ങൾ ഇരുവരും ബോളർമാർക്ക്‌ മേൽ ആധിപത്യം സ്ഥാപിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങളത് തെളിയിച്ചിട്ടുള്ളതുമാണ്. ഞാൻ എപ്പോളും പന്തിനൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നു. അവനുമായി‌ മത്സരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല.” സഞ്ജു പറഞ്ഞുനിർത്തി.

നേരത്തെ 2016, 2017 സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിലായിരുന്നു സഞ്ജു സാംസണും, ഋഷഭ് പന്തും ഒരുമിച്ച് കളിച്ചത്. ഡെൽഹി ഫ്രാഞ്ചൈസിയിലായിരുന്നു ഇത്. ഗുജറാത്ത് ലയൺസിനെതിരായ മത്സരങ്ങളിലൊന്നിൽ ഇരുവരും ചേർന്ന് 63 പന്തിൽ നിന്ന് 143 റൺസിന്റെ വെടിക്കെട്ട് കൂട്ടുകെട്ടും സൃഷ്ടിച്ചിരുന്നു.