SHARE

സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു ഡെൽഹി ക്യാപിറ്റൽസിനെതിരെ കഴിഞ്ഞ ദിവസം കിംഗ്സ് ഇലവൻ പഞ്ചാബ് പരാജയപ്പെട്ടത്. സൂപ്പർ ഓവറിൽ ആദ്യം ചെയ്ത പഞ്ചാബിന് ആദ്യ മൂന്ന് പന്തുകൾക്കിടെ അവരുടെ രണ്ട് വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. നിക്കോളാസ് പുറാൻ, കെ എൽ രാഹുൽ, ഗ്ലെൻ മാക്സ്‌വെൽ എന്നിവരായിരുന്നു സൂപ്പർ ഓവറിൽ അവർക്കായി ബാറ്റ് ചെയ്തത്.

സൂപ്പർ ഓവറിൽ രണ്ട് റൺസ് മാത്രമെടുത്ത പഞ്ചാബിനെതിരെ അനായാസം ഡെൽഹി വിജയം നേടുകയും ചെയ്തു. അതേ സമയം സൂപ്പർ ഓവറിലെ പഞ്ചാബിന്റെ ബാറ്റിംഗ് സെലക്ഷൻ പാളിപ്പോയെന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ പക്ഷം.

നേരത്തെ മത്സരത്തിൽ 89 റൺസെടുത്ത് ഉജ്ജ്വല ഫോമിൽ ബാറ്റ് ചെയ്ത മയങ്ക് അഗർവാളിനെ അവർ സൂപ്പർ ഓവറിൽ കളിക്കാൻ ഇറക്കാതിരുന്നതാണ് ചോപ്രയെ ഞെട്ടിക്കുന്നത്. അഗർവാളായിരുന്നു മത്സരത്തിൽ പഞ്ചാബിനായി ഏറ്റവും മികച്ച കളി പുറത്തെടുത്തതെന്നും അങ്ങനെയുള്ളപ്പോൾ അദ്ദേഹത്തെ ബാറ്റിംഗിനിറക്കാതെ പഞ്ചാബ് എന്താണ് ചെയ്യുന്നതെന്ന് തനിക്ക് മനസിലായില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

കമന്ററി ബോക്സിലിരുന്ന് മയങ്കിനെ സൂപ്പർ ഓവറിൽ ബാറ്റിംഗിനിറക്കാൻ താൻ അലറുകയായിരുന്നു. മത്സരത്തിൽ ഒത്തിരി റൺസ് നേടിയ താരമായിരുന്നു അദ്ദേഹം. എന്നാൽ മയങ്കിന് പകരം പുറാനേയും, രാഹുലിനേയും, പിന്നാലെ മാക്സ്‌വെല്ലിനേയുമാണ് പഞ്ചാബ് കളിക്കാൻ ഇറക്കിയത്. ഇതിന് കാരണം എനിക്ക് മനസിലാകുന്നില്ല.” ചോപ്ര പറഞ്ഞു നിർത്തി‌.