SHARE

ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ടീം മാനേജ്മെന്റ് ആവശ്യപ്പെടുന്ന ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്ന് ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മ. ഇന്ത്യയുടെ കഴിഞ്ഞ ഹോം സീസണിൽ ടീമിന്റെ ഓപ്പണിംഗിൽ സ്ഥാനം സ്ഥിരപ്പെടുത്തിയ താരമാണ് രോഹിത്. എന്നാൽ ടീമിന്റെ ആവശ്യപ്രകാരം ബാറ്റിംഗ് സ്ഥാനം മാറുന്നതിന് തനിക്ക് സന്തോഷമേയുള്ളൂവെന്നാണ് ഇപ്പോൾ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.

“കഴിഞ്ഞ കുറേ നാളുകളായി എല്ലാവരോടും പറഞ്ഞു കൊണ്ടിരിക്കുന്നത് തന്നെയാണ് ഇപ്പോളും എനിക്ക് പറയാനുള്ളത്. ടീം ആവശ്യപ്പെടുന്ന ഏത് പൊസിഷനിലും ബാറ്റ് ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്. എന്നാൽ അവർ എന്നെ ഓപ്പണിംഗ് റോളിൽ നിന്ന് മാറ്റുമോ എന്ന കാര്യം എനിക്കറിയില്ല. ഞാൻ ഓസ്ട്രേലിയയിൽ എത്തിക്കഴിഞ്ഞതിന് ശേഷം, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന കാര്യത്തിൽ വ്യക്തത ലഭിക്കും. അവർ (ടീം മാനേജ്മെന്റ്) ആവശ്യപ്പെടുന്ന ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ ഞാൻ തയ്യാറാണ്. ” ഇന്ത്യ ടിവിയോട് സംസാരിക്കവെ രോഹിത് ശർമ്മ പറഞ്ഞു.

അതേ സമയം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് രോഹിത് ശർമ്മ. കഴിഞ്ഞ സീസണിൽ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന രോഹിത് ഇതു വരെ കളിച്ച 32 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 46.54 ബാറ്റിംഗ് ശരാശരിയിൽ 2141 റൺസാണ് നേടിയിട്ടുള്ളത്.