SHARE

2015 ൽ കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് അന്റോണിയോ ജെർമ്മൻ. എന്നാൽ പരിക്കിന്റെ പിടിയിലായ താരത്തിന് ആ സീസൺ ഐ എസ് എല്ലിലെ ആദ്യ ഏഴ് മത്സരങ്ങളിലും കളിക്കാനായില്ല. എന്നാൽ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയതിന് ശേഷം ഗംഭീര പ്രകടനമാണ് മഞ്ഞക്കുപ്പായത്തിൽ ജെർമ്മൻ പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്സ് ദയനീയ പ്രകടനം കാഴ്ച വെച്ച ആ സീസണിൽ പക്ഷേ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന്റെ ടോപ് സ്കോററായിരുന്നു ജെർമ്മൻ.

ബ്ലാസ്റ്റേഴ്സിനൊപ്പം തൊട്ടടുത്ത സീസണിലും താരം കളിച്ചെങ്കിലും പ്രകടനം മോശമായതിനെത്തുടർന്ന് 2017 സീസണിൽ ടീമിൽ സ്ഥാനം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ സീസണിൽ ഐലീഗ് ക്ലബ്ബായ ഗോകുലം കേരളയിൽ കളിച്ച് വീണ്ടും കേരളത്തിലേക്ക് ജെർമ്മൻ എത്തിയെങ്കിലും ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിൾ ക്ഷോഭിക്കാൻ ഈ ഇംഗ്ലണ്ടുകാരന് കഴിഞ്ഞില്ല. ഗോകുലത്തിനൊപ്പം ഒരു സീസൺപോലും പൂർത്തിയാക്കാതിരുന്ന ജെർമ്മൻ സീസണിന്റെ പാതിവഴിയിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ ബ്ലാസ്റ്റേഴ്സിന്‌പിന്തുണയും ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്താൻ ആഗ്രഹവും പ്രകടിപ്പിച്ച് പലകുറി രംഗത്തെത്തിയിട്ടുള്ള ജെർമ്മൻ, താൻ ഉറപ്പായും ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഖേൽ നൗവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസ് തുറക്കുകയായിരുന്നു ജെർമ്മൻ. ഐലീഗും ഐ എസ് എല്ലും മികച്ച ലീഗുകളാണെന്നും എന്നാൽ കൂട്ടത്തിൽ അല്പം മികച്ച് നിൽക്കുന്നത് ഐ എസ് എല്ലാണെന്നും ജെർമ്മൻ പറയുന്നു. ഐ എസ് എല്ലിനെ മലേഷ്യ സൂപ്പർ ലീഗുമായി താരതമ്യം ചെയ്യുന്ന ജെർമ്മൻ ഇരു ലീഗുകളും ഏകദേശം ഒരു പോലെയാണെന്ന് അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ താൻ എന്തായാലും മടങ്ങി വരുമെന്നും, ഇന്ത്യയിലെ ആരാധകർ തന്നോട് വലിയ സ്നേഹമാണ് കാട്ടുന്നതെന്നും ജെർമ്മൻ കൂട്ടിച്ചേർത്തു.