SHARE

സൂപ്പർ താരം നെയ്മർ ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ, താരത്തെ സ്വാ​ഗതം ചെയ്ത് ബാഴ്സലോണ താരം ഇവാൻ റാക്കിറ്റിച്ച്. സീസൺ തുടക്കത്തിലാണ് റിക്കാർഡ് തുകയ്ക്ക് നെയ്മർ പാരീസ് സെന്റ് ജെർമനിൽ ചേർന്നത്. ഫുട്ബോളിൽ ഏറ്റവുമധികം ചർച്ചയ്ക്ക് വഴിതെളിച്ച സംഭവമായിരുന്നു ഇത്. ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിൽ പി.എസ്.ജി തോറ്റുപുറത്തായതിന് പിന്നാലെയാണ് മുൻ ക്ലബിലേക്ക് നെയ്മർ മടങ്ങുമെന്നുള്ള വാർത്തകൾ പുറത്തുവന്നത്.

നെയ്മറുടെ മടങ്ങിവരവിന്റെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ, പ്രതികരണവുമായി ബാഴ്സ താരം ഇവാൻ റാക്കിറ്റിച്ചും രം​ഗത്തെത്തി. നെയ്മർ എന്റെ അടുത്ത സുഹൃത്താണ്. ഇതുവരെ ബാഴ്സയിലേക്ക് മടങ്ങിയെത്തുന്നതിനെക്കുറിച്ച് എന്നോട് നെയ്മറൊന്നും പറഞ്ഞിട്ടില്ല. എന്നാൽ അദ്ദേഹം മടങ്ങിയെത്തുകയാണെങ്കിൽ അതിനുള്ള വാതിൽ ഞാൻ തുറന്നുകൊടുക്കും, റാക്കിറ്റിച്ച് പറഞ്ഞു. നെയ്മറുമായുള്ള സൗ​ഹൃദം കൊണ്ട് മാത്രമല്ല ഇങ്ങനെ പറയുന്നത്, മറിച്ച് ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് നെയ്മർ. എപ്പോഴും എന്റെ ടീമിലുണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്ന താരം, ക്രൊയേഷ്യൻ താരം പറഞ്ഞു.

പരിക്കേറ്റ് വിശ്രമത്തിലാണ് നെയ്മറിപ്പോൾ. ഇതേത്തുടർന്ന് ചാമ്പ്യൻസ് ലീ​ഗിലെ നിർണായകമായ രണ്ടാം പാദ മത്സരത്തിൽ നെയ്മറിന് കളിക്കാനായിരുന്നില്ല. ഈ സീസണിൽ ഇനി നെയ്മർ കളിക്കാൻ സാധ്യതയില്ല. ലോകകപ്പോടെ കളിക്കളത്തിലേക്ക് മടങ്ങിയെത്താനായിരിക്കും താരം ലക്ഷ്യമിടുന്നത്.