SHARE

ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ ഇന്നിംഗ്സിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് ഇന്ത്യൻ സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി നേരിട്ട് കൊണ്ടിരിക്കുന്നത്. മത്സരത്തിൽ ആഞ്ഞടിക്കേണ്ട‌ സമയത്ത് ബൗണ്ടറികൾ നേടാൻ കഴിയാതിരുന്ന ധോണിയുടെ പ്രകടനം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായെന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്. ഇപ്പോളിതാ ധോണിയുടെ ബാറ്റിംഗിനെക്കുറിച്ച് പറഞ്ഞ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കറും രംഗത്തെത്തിയിരിക്കുന്നു.

നേരത്തെ പല കുറി ധോണിയെ വിമർശിച്ചിട്ടുള്ള മഞ്ചരേക്കർ, ആദ്യം മുതലേ ഒരു ബോളിൽ ഒരു റൺ വീതമെടുത്ത് കളിക്കാൻ ധോണിയോട് ടീം മാനേജ്മെന്റ് പറയണമെന്ന് നിർദ്ദേശിക്കുന്നു. സന്നാഹ മത്സരങ്ങളിൽ കളിച്ചത് പോലെ ധോണി കളിക്കുന്നത് കാണാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ മഞ്ചരേക്കർ 30 പന്തിൽ 30 റൺസ് നേടുന്ന ധോണിയെ കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

മഞ്ചരേക്കറിന്റെ വാക്കുകൾ ഇങ്ങനെ, “തുടക്കം മുതൽ ഒരു പന്തിൽ ഒരു റൺ വീതം നേടി കളിക്കണമെന്ന് ധോണിക്ക് ടീം മാനേജ്മെന്റ് നിർദ്ദേശം നൽകണം. 30 പന്തുകളിൽ 30 റൺസെടുക്കുന്ന ധോണിയെയാണ് താൻ ഇഷ്ടപ്പെടുന്നത്. ടീം 12/2 എന്ന നിലയിലാണെങ്കിൽ അദ്ദേഹം പ്രതിരോധിച്ച് കളിക്കുന്നത് മനസിലാക്കാം. എന്നാൽ 20 -22 ഓവറുകൾ മുതൽ അദ്ദേഹം ഒരു ബോളിൽ ഒരു റൺ എന്ന രീതിയിൽ കളിക്കണം. ” ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിനോട് സംസാരിക്കവെ മഞ്ചരേക്കർ പറഞ്ഞു.