SHARE

ഇന്ത്യൻസൂപ്പർ ലീഗിന്റെ എല്ലാ സീസണുകളിലും ഗോൾ നേടുന്ന ആദ്യ വിദേശ താരമായി എഫ് സി പൂനെ സിറ്റി താരം ഇയാൻ ഹ്യൂം. ഐ എസ് എല്ലിൽ ഇന്നലെ മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഈ നേട്ടം ഹ്യൂമിന് സ്വന്തമായത്. മൂന്ന് വ്യത്യസ്ത ടീമുകൾക്ക് വേണ്ടി കളിച്ചാണ് ഐ എസ് എല്ലിൽ ഹ്യൂമിന്റെ ഈ നേട്ടം.

2014 ൽ കേരളാ ബ്ലാസ്റ്റേഴ്സിൽ കളിച്ച് തന്റെ ഐ എസ് എൽ കരിയറിന് തുടക്കമിട്ട ഹ്യൂം, പിന്നീടുള്ള എല്ലാ സീസണുകളിലും ഒരു ഗോളെങ്കിലും ലീഗിൽ നേടിയിട്ടുണ്ട്. 2015,2016 സീസണിൽ എ ടി കെ യുടെ താരമായിരുന്ന ഹ്യൂം ഏറ്റവും വാശിയിൽ ഗോളുകളടിച്ചത് അവർക്ക് വേണ്ടിയാണ്. 2017-18 സീസണിൽ ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തിയ ഹ്യൂം പരിക്കേറ്റ് പുറത്താകുന്നതിന് മുൻപ്
മികച്ച പ്രകടനമാണ് കേരളാ നിരയിൽ കാഴ്ച വെച്ചത്.

എന്നാൽ കഴിഞ്ഞ സീസണ് ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് താരത്തെ ഒഴിവാക്കുകയും എഫ് സി പൂനെ സിറ്റി താരത്തെ സ്വന്തമാക്കുകയും ചെയ്തു‌. പരിക്ക് മൂലം സീസണിലെ പാതിയോളം മത്സരങ്ങൾ നഷ്ടമായ ഹ്യൂം, സീസണിലെ അവസാന ലീഗ് മത്സരത്തിൽ തകർപ്പൻ ഗോളിലൂടെ ടീമിന്‌വിജയവും ഗോളടിയിലെ റെക്കോർഡുംസ്വന്തമാക്കുകയായിരുന്നു.