SHARE

ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ വാർവിക്ക് ഷെയറിനായി തകർപ്പൻ പ്രകടനം കാഴ്ച വെച്ച് മുന്നേറുന്ന ഇംഗ്ലണ്ട് സീനിയർ താരം ഇയാൻ ബെൽ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20000 റൺസെന്ന നാഴികക്കല്ലിലെത്തി‌. കഴിഞ്ഞ ദിവസം ഗ്ലാമോർഗനെതിരായ മത്സരത്തിനിടയിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തിളക്കമുള്ള നേട്ടങ്ങളിലൊന്നായ 20000 റൺസ് ക്ലബ്ബിൽ താരം എത്തിയത്. നിലവിൽ ഈ സീസണിലെ കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ 2 വിൽ 788 റൺസ് നേടിക്കഴിഞ്ഞ ബെൽ 4 സെഞ്ചുറികളും അടിച്ചിട്ടുണ്ട്.

നിലവിൽ ഇന്ത്യയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ പരാജയമായ താരങ്ങളെ ടീമിൽ നിന്ന് മാറ്റി ഇയാൻ ബെല്ലിനെപ്പോലെ മിന്നും ഫോമിലുള്ള താരങ്ങളെ ഉൾപ്പെടുത്തണമെന്നാണ് ഇംഗ്ലണ്ട് ആരാധകരുടെ ഇപ്പോളത്തെ ആവശ്യം‌. നേരത്തെ പരിക്കേറ്റ ജോണി ബെയർസ്റ്റോ ടീമിൽ നിന്ന് പുറത്താവുകയാണെങ്കിൽ പകരക്കാരനായി ബെൽ എത്തിയേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ബെയർസ്റ്റോവിനെത്തന്നെ ടീമിൽ നിലനിർത്താൻ ഇംഗ്ലണ്ട് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ഒരു കാലത്ത് ഇംഗ്ലണ്ട് ടീമിന്റെ വിശ്വസ്ത ബാറ്റ്സ്മാനായിരുന്നു ഇയാൻ ബെൽ. ഇംഗ്ലണ്ടിന് വേണ്ടി 118 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരത്തിന് പക്ഷേ 2016 ന് ശേഷം ദേശീയ ടീമിലെത്താൻ കഴിഞ്ഞിട്ടില്ല.