SHARE

ഇംഗ്ലണ്ടിന്റെ മണ്ണില്‍ നീണ്ട പര്യടനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മൂന്നു മത്സരങ്ങള്‍ വീതമടങ്ങിയ ഏകദിന-ടി20 പരമ്പരകള്‍ ഇംഗ്ലണ്ടും ഇന്ത്യയും പങ്കിട്ടെടുത്തു. ഇനി അവശേഷിക്കുന്നത് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ്. അത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്.

എന്നാലിപ്പോള്‍, ഇന്ത്യന്‍ താരങ്ങളുടെ പ്രൊഫഷണലിസത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലണ്ടിലെ ടീമിന്റെ ബസ് ഡ്രൈവറായ ജെഫ് ഗുഡ്‌വിന്‍. ‘ എനിക്ക് വളരെ ഇഷ്ടമാണ് അവരെ, നല്ല സൗഹൃദമാണ് അവര്‍ക്ക് എന്നോടുള്ളത്, വളരെ അച്ചടക്കവും പ്രൊഫഷണലിസവും ഉള്ളവരാണ് അവര്‍, മുമ്പ് പല ടീമുകളും ഇങ്ങനൊയിരുന്നില്ല’ – ഗുഡ്‌വിന്‍ പറഞ്ഞു.

‘ ഓസ്‌ട്രേലിയൻ താരങ്ങൾ ചെയ്ഞ്ച് റൂമില്‍ ഒരുപാട് നേരം ചെലവഴിക്കും, പുലര്‍ച്ചെ രണ്ടു മണിയായാല്‍ അവിടെ നിന്നിറങ്ങില്ല, പക്ഷേ, ഇന്ത്യന്‍ ടീം അങ്ങനെയല്ല’ – ഗുഡ്‌വിന്‍ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് ഒന്നിനാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. അതിന് മുമ്പ് ടീമിന് ഏറെ ആത്മവിശ്വാസം പകരുന്ന വാക്കുകളാണ് ഈ ഇംഗ്ലീഷ് ബസ് ഡ്രൈവറുടേത്.