SHARE

റൊമാനിയയുടെ ഇതിഹാസതാരം ജ്യോർജെ ഹാജിയുടെ മകൻ ഇയാനിസ് ഹാജിയെ സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സ് സ്വന്തമാക്കി. ബെൽജിയൻ ക്ലബ് ജെൻകിൽ നിന്ന് ലോണിലാണ് 21-കാരനായ ഇയാനിസിന്റെ സ്കോട്ലൻഡിലേക്കുള്ള വരവ്.

ഫോർവേഡായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കുന്ന ഇയാനിസ് യൂറോപ്പിലെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളായാണ് പരി​ഗണിക്കപ്പെടുന്നത്. ഈ സീസൺ തുടക്കത്തിലാണ് ഇയാനിസ് ബെൽജിയൻ ക്ലബിലെത്തുന്നത്. ജെൻകിനായി ലീ​ഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ​ഗോളടിച്ച ഇയാനിസ്, 19 മത്സരങ്ങൾ ക്ലബ് ജേഴ്സിയിൽ കളിച്ചു. ഇതിനിടെയാണിപ്പോൾ സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന ടീമിലേക്കുള്ള വരവ്.

പിതാവ് ജ്യോർജെ ഹാജിയുടെ അക്കദമിയിൽ കളിച്ചുതുടങ്ങിയ ഇയാനിസ് റൊമാനിയയിലെ പ്രധാന ക്ലബായ വിറ്റോറുൾ കോൺസ്റ്റാന്റയിലൂടെയാണ് പ്രൊഫഷനൽ അരങ്ങേറ്റം കുറിച്ചത്. ഇറ്റാലിയൻ ക്ലബ് ഫിയോറെന്റിനക്കായും കളിച്ചിട്ടുള്ള ഇയാനിസ് റൊമാനിയൻ ദേശീയ ടീമിനായി പത്ത് തവണ ജേഴ്സി അണിഞ്ഞു.