SHARE

സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ലീ​ഗിലേക്ക് തിരിച്ചെത്തുന്നു. ഇബ്രാഹിമോവിച്ച് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഏത് ക്ലബിലേക്കാണെന്ന കാര്യത്തിൽ ഇബ്ര സൂചനയൊന്നും നൽകിയിട്ടില്ല. എങ്കിലും സൂപ്പർ ക്ലബായ എ.സി മിലാനിലേക്കായിരിക്കും താരം എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കൻ ക്ലബായ ലോസ് ആഞ്ജലീസ് ​ഗാലക്സിയിലായിരുന്നു ഇതുവരെ ഇബ്ര കളിച്ചിരുന്നു. അമേരിക്ക വിട്ടതോടെ ഇബ്രയ്ക്ക് പിന്നാലെ മുൻ ക്ലബായ മിലാൻ കൂടിയിരുന്നു. ചർച്ചകൾ വളരെയേറെ മുന്നോട്ടുപോയെന്നും കരാർ ഒപ്പിടേണ്ട കാര്യമെ ഉള്ളുവെന്നും അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മിലാനോ ഇബ്രയോ ഇക്കാര്യത്തിൽ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. ഇതിനിടയിൽ സ്വീഡനിൽ ഒരു ക്ലബിൽ ഇബ്ര ഓഹരി സ്വന്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഒരു ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സെരി എയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഇബ്ര സംസാരിച്ചത്. വിജയവഴിയിലേക്ക് ഉടനടി തിരിച്ചെത്തേണ്ടതും ചരിത്രം പുതുക്കിയെഴുതേണ്ടതുമായ ഒരു ക്ലബിൽ താൻ ചേരുമെന്നായിരുന്നു ഇബ്ര പറഞ്ഞത്. ഒടുവിലായി, ഇനി ഇറ്റലിയിൽ കാണാം എന്ന് കൂടി ഇബ്ര പറഞ്ഞു.