SHARE

പ്രീമിയർ ലീ​ഗിലെ ഏറ്റവും മികച്ച സ്ട്രൈക്കറായി സ്വയം പരിഗണിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ മറുടി ഇങ്ങനെയായിരുന്നു, ”സിംഹങ്ങളെ മനുഷ്യരുമായി താരതമ്യം ചെയ്യാറില്ല”. ഇത്തരം മറുപടികളിലൂടെയും, കളിക്കളത്തിലെ പരുക്കൻ പെരുമാറ്റത്തിലൂടെയും, പ്രായത്തെ മെയ് വഴക്കം കൊണ്ട് വെല്ലുവിളിക്കുന്ന അക്രോബാറ്റിക്ക് ഷോട്ടുകളിലൂടെയും ആരാധകമനസിൽ എന്നും മുകളിലാണ് ഇബ്രയുടെ സ്ഥാനം. 36-ാം വയസിൽ ഇനിയൊരു അങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് പ്രഖ്യാപിച്ച് ഇബ്രാഹിമോവിച്ച് പുതിയ മേച്ചിൽപുറം തേടി പോയി.

ഡേവിഡ് ബെക്കാം കളിക്കാനെത്തിയതിലൂടെ പ്രശസ്തമായ ലോസ് ആഞ്ജലീസ് ​ഗാലക്സിയിലേക്കാണ് ഇക്കുറി ഇബ്രാഹിമോവിച്ചും പോകുന്നത്. തന്റെ കരിയറിലെ ഒമ്പതാം ക്ലബാണ് ഇബ്രയ്ക്കിത്. ഇബ്രാഹിമോച്ച് കളിച്ചതിനേക്കാളേറെ ക്ലബുകളിൽ കളിച്ചിട്ടുള്ള താരങ്ങളുണ്ട്. എന്നാൽ ഇബ്രായ്ക്ക് മാത്രമവകാശപ്പെടാവുന്ന ഒരു നേട്ടമാണ്, കളിച്ച രാജ്യങ്ങളിലെയെല്ലാം ഒന്നാം നിര ടീമിനൊപ്പം കളിച്ച ഏക താരമെന്ന ബഹുമതി.

സ്വീഡിഷ് ക്ലബ് മാൽമോയിലാണ് ഇബ്രയുടെ കരിയർ തുടങ്ങുന്നത്. അവിടെനിന്ന് നെതർലൻഡിലെ സൂപ്പർ ക്ലബായ അയാക്കസ് ആംസ്റ്റർഡാമിലേക്ക്. മൂന്ന് സീസൺ അവിടെ കളിച്ച ഇബ്ര നേടിയത് രണ്ട് ഡച്ച് ലീ​ഗ് കിരീടങ്ങൾ.
പിന്നീട് ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്കാണ് ഇബ്രയെത്തിയത്. രണ്ട് സീസൺ അവിടെ കളിച്ചശേഷം, ഒത്തുകളിവിവാദത്തെത്തുടർന്ന് യുവന്റസ് സെരി ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടപ്പോൾ ഇബ്ര ഇന്റർമിലാനിലെത്തി.

മൂന്ന് സീസണായിരുന്നു അവിടേയും ഇബ്രയുടെ ആയുസ്, എന്നാൽ മൂന്ന് സീസണിലും സെരി എ കിരീടം നേടിയാണ് ഇബ്ര അവിടെനിന്ന് ബാഴ്സലോണയിലേക്കെത്തിയത്. ഒരു സീസൺ താരം അവിടെ കളിച്ചു. ഒരു ലാ ലി​ഗ കിരീടവും നേടി. തൊട്ടടുത്ത സീസണിൽ എ.സി മിലാനിലെത്തി, രണ്ട് സീസൺ അവിടെ കളിച്ചു, ഒരു സെരി എ കിരീടനേട്ടത്തിൽ പങ്കാളിയായി.

പിന്നീടാണ് ഇബ്രാഹിമോവിച്ച് ഫ്രാൻസിലെത്തുന്നത് അവിടെ പാരിസ് സെന്റ് ജെർമൻ പണമൊഴുക്കി കിരീടം കൊയ്യാനുള്ള പദ്ധതികളിലായിരുന്നു. നാല് സീസൺ പി.എസ്.ജിയിൽ കളിച്ച ഇബ്ര, നാല് തവണയും ഫ്രഞ്ച് ലീ​ഗ് കിരീടം നേടി. ഇബ്രാഹിമോവിച്ച് തന്റെ കരിയറിൽ ഏറ്റവുമധികം കാലം കളിച്ച ക്ലബാണത്. പിന്നീടാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തുന്നത്. രണ്ട് സീസൺ യുണൈറ്റഡിൽ കളിച്ചെങ്കിലും പ്രീമിയർ ലീ​ഗ് കിരീടം നേടാൻ ഇബ്രയ്ക്കായില്ല. എന്നാൽ ഒരു യൂറോപ്പാ ലീ​ഗ് കിരീടനേട്ടം യുണൈറ്റഡിനൊപ്പം ഇബ്ര സ്വന്തമാക്കി.

ഇപ്പോൾ യു.എസ് മേജർ സോക്കർ ലീ​ഗിലേക്കാണ് ഇബ്രയുടെ പോക്ക്. യൂറോപ്പിലെ ഏഴ് പ്രധാന ക്ലബുകളിൽ ബൂട്ടണി‍ഞ്ഞ് കഴിയാവുന്നത്ര  നേട്ടങ്ങൾ ഇബ്ര സ്വന്തമാക്കിയെങ്കിലും ഒരു ദുഖം അവശേഷിക്കുന്നു, ചാമ്പ്യൻസ് ലീ​ഗ്. ഇനി അത് നേടാനുള്ള സാധ്യതയും കുറവാണ്. എന്നാൽ ആൾ ഇബ്രാഹിമോവിച്ചാണ്, എപ്പോൾ എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാനാകില്ല.