SHARE

മുൻ ഇംഗ്ലണ്ട് ഫുട്ബോളർ ഡേവിഡ് ബെക്കാമുമായി വെച്ച പന്തയത്തിൽ പരാജയപ്പെട്ട സ്വീഡിഷ് ഫുട്ബോൾ ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ബെക്കാം ആവശ്യപ്പെട്ടത് പോലെ വെംബ്ലിയിൽ ഇംഗ്ലണ്ടിന്റെ മത്സരം കാണാനെത്തും. നേരത്തെ ഇംഗ്ലണ്ടും സ്വീഡനും തമ്മിൽ നടന്ന റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുൻപായിരുന്നു ഇരുവരും തമ്മിൽ ഇൻസ്റ്റാഗ്രാമിലൂടെ പന്തയം വെച്ചത്.

മത്സരത്തിൽ സ്വീഡൻ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയാണെങ്കിൽ ഈ ലോകത്ത് ബെക്കാം ആവശ്യപ്പെടുന്ന ഏത് സ്ഥലത്ത് വെച്ചും താൻ അദ്ദേഹത്തിന് ഡിന്നർ നൽകാമെന്നും മറിച്ച് സ്വീഡൻ ജയിക്കുകയാണെങ്കിൽ ബെക്കാം തനിക്ക് ഇഷ്ടപ്പെടുന്നത് വാങ്ങിത്തരണമെന്നുമായിരുന്നു ഇബ്ര മുന്നോട്ട് വെച്ച പന്തയം. എന്നാൽ പന്തയം സ്വീകരിച്ച ബെക്കാമിന്റെ ആവശ്യം മറ്റൊന്നായിരുന്നു. ഇംഗ്ലണ്ട് സ്വീഡനെ പരാജയപ്പെടുത്തുകയാണെങ്കിൽ ഇബ്ര തനിക്കൊപ്പം ഇംഗ്ലണ്ടിന്റെ ഒരു ഫുട്ബോൾ മത്സരം ഇംഗ്ലണ്ട് ജേഴ്സിയണിഞ്ഞ് വെംബ്ലിയിൽ വന്ന് കാണണമെന്നായിരുന്നു ബെക്കാമിന്റെ പന്തയം.

ക്വാർട്ടറിൽ സ്വീഡൻ, ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയും അത് വഴി ഇബ്രാഹിമോവിച്ച് ബെറ്റിൽ തോൽക്കുകയുമായിരുന്നു‌. ഇപ്പോളിതാ ബെറ്റിൽ ബെക്കാം പറഞ്ഞത് പോലെ ഇംഗ്ലണ്ടിന്റെ മത്സരം കാണാൻ വെംബ്ലിയിൽ പോകാൻ തയ്യാറായിരിക്കുകയാണ് ഇബ്ര. ” ഡേവിഡ്, നമ്മൾ ഒരു ബെറ്റ് വെച്ചു. ഞാൻ അതിൽ തോറ്റു. പന്തയത്തിൽ പറഞ്ഞത് പോലെ താൻ വെംബ്ലിയിൽ ഇംഗ്ലണ്ട് ജേഴ്സിയണിഞ്ഞ് ഇംഗ്ലണ്ടിന്റെ മത്സരം കാണാനെത്തും.” ബിബിസി യോട് സംസാരിക്കവെ ഇബ്രാഹിമോവിച്ച് വ്യക്തമാക്കി.