അമേരിക്കന്‍ ക്ലബ് ലോസ് ആഞ്ചല്‍ ഗ്യാലക്സിക്ക് വേണ്ടിയാണ് സ്വീഡിഷ് സൂപ്പര്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച് കളിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താരം അമേരിക്കൻ ക്ലബിലെത്തിയത്. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച ഇബ്ര അടുത്തിടെ ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സ്വീഡന് കോച്ചിന്റെ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അതിനിടെ സ്വീഡനിലെ ഒരു ചൂതാട്ട കേന്ദ്രവുമായി ബന്ധമുള്ളതിനാല്‍ ഇബ്രാഹിമോവിച്ചിനെ ഫിഫ വിലക്കുമെന്നും വാര്‍ത്തകള്‍ വന്നു. ഇതിനെതിരെ ഇബ്ര രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴിതാ, താരം വീണ്ടും തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കുകയാണ്. അമേരിക്കന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ജിമ്മി കിമ്മല്‍ ഷോയിലാണ് താരം ലോകകപ്പിനെത്തുമെന്ന കാര്യം ആവര്‍ത്തിച്ചത്. ‘ ഞാന്‍ എന്തായാലും ലോകകപ്പിന് എത്തും, കൂടുതലൊന്നും പറയുന്നില്ല, അവരെന്നെ തൂക്കികൊന്നേക്കും, എന്തു പറയണമെന്ന് സൂക്ഷിക്കേണ്ട അവസ്ഥയാണ്’ – ഇബ്ര പരിഹാസത്തോടെ പറഞ്ഞു.
താനില്ലാതെ ലോകകപ്പ് ലോകകപ്പാവില്ലെന്നും സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലോകകപ്പില്‍ 36കാരനായ ഇബ്രാഹിമോവിച്ച് കളിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരിക്കാവുന്ന വാര്‍ത്തകളൊന്നും വന്നിട്ടില്ല.