SHARE

മാസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് അവസാനമാകുന്നു. ഇന്റർ മിലാന്റെ സൂപ്പർ താരം മൗറോ ഇക്കാർഡി ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് ചേക്കേറുന്നു. വൈദ്യപരിശോധനയ്ക്കായി ഇക്കാർഡി ഫ്രാൻസിലെത്തിയതായി ലെ എക്വിപെയടക്കമുള്ള പ്രശസ്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അടുത്ത സീസണിലേക്ക് വായ്പാ കരാറിലാണ് ഇക്കാർഡി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് താരത്തെ സ്ഥിരമായി സ്വന്തമാക്കാനുള്ള സാധ്യതയും ഉണ്ട്. ഇന്റർ മിലാന്റെ ക്യാപ്റ്റനായിരുന്ന ഇക്കാർഡി കഴിഞ്ഞ സീസൺ പകുതിയോടെയാണ് ക്ലബുമായി ഇടഞ്ഞത്. പിന്നാലെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ ഇക്കാർഡിക്ക് ഏറെ നാൾ ടീമിന് പുറത്തിരിക്കേണ്ടിയും വന്നു

ഇക്കുറി ഇന്റർ പരിശീലകനായി അന്റോണിയോ കോണ്ടെ എത്തിയതോടെ ഇക്കാർഡിക്ക് പുറത്തേക്കും വഴിതെളിഞ്ഞു. എന്നാൽ ട്രാൻസ്ഫർ ജാലകം അവസാനിക്കാറായപ്പോഴും ഇക്കാർഡിയുടെ കാര്യത്തിൽ തീരുമാനമായില്ല. അതിനിടെ ഇന്ററിൽ തുടരാനാണ് താൽപര്യമെന്ന് ഇക്കാർഡി അറിയിക്കുകയും ചെയ്തു. എന്നാൽ ടീമിൽ നിന്ന് ഇക്കാർഡിയെ തഴയുന്ന നടപടിയായിരുന്നു ക്ലബ് തുടർന്നത്.

ഇക്കാർഡിയുടെ ഒമ്പതാം നമ്പർ ബെൽജിയൻ താരം റൊമേലു ലുക്കാക്കുവിന് കൈമാറി. പിന്നാലെ ക്ലബിന്റെ പരിശീലനത്തിലെ പ്രധാന സെഷനുകളിൽ നിന്നും താരത്തെ ഒഴിവാക്കി. ഇതോടെയാണ് താരക്കൈമാറ്റ കാലാവധി അവസാനിക്കുന്ന ദിവസം പുതിയ ക്ലബിലേക്ക് ഇക്കാർഡി കൂടുമാറുന്നത്.