SHARE

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗ് പട്ടിക പുറത്ത് വിട്ടു. ഒന്നാംസ്ഥാനം നിലനിർത്തിയ ടീം ഇന്ത്യ, രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയുമായുള്ള പോയിന്റ് വ്യത്യാസം പതിമൂന്നാക്കി ഉയർത്തിയപ്പോൾ, വെസ്റ്റിൻഡീസിനെ പിന്തള്ളി ബംഗ്ലാദേശ് എട്ടാം സ്ഥാനത്തേക്ക് കയറി. പുതിയ റാങ്കിംഗ് പട്ടികയിൽ ഇന്ത്യയ്ക്ക് 125 പോയിന്റാണുള്ളത്, ദക്ഷിണാഫ്രിക്കയ്ക്ക് 112 പോയിന്റും.

പുതിയ റാങ്കിംഗ് പട്ടികയിൽ നാല് പോയിന്റുകൾ സ്വന്തമാക്കിയ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ, ന്യൂസിലൻഡാണ് നാലാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരാണ് തൊട്ട് പിറകെയുള്ള സ്ഥാനങ്ങളിലുള്ളത്.

വെസ്റ്റിൻഡീസിനെ പിന്തള്ളി ബംഗ്ലാദേശ് എട്ടാം റാങ്ക് കരസ്ഥമാക്കിയതാണ് പുതിയ റാങ്കിംഗ് പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം. ഇതാദ്യമായാണ് വെസ്റ്റിൻഡീസ് ടെസ്റ്റ് റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. പുതിയ റാങ്കിംഗിൽ അഞ്ച് പോയിന്റ് നഷ്ടപ്പെട്ട അവർക്ക് ആകെ 67 പോയിന്റാണുള്ളത്. നാല് പോയിന്റ് വർധിപ്പിച്ച ബംഗ്ലാദേശാകട്ടെ 75 പോയിന്റ് നേടി വിൻഡീസുമായുള്ള വ്യത്യാസം എട്ട് പോയിന്റാക്കി മാറ്റുകയായിരുന്നു.