SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണി, ആർമി‌ ചിഹ്നമുള്ള ഗ്ലൗവണിഞ്ഞ് കളിച്ചത് വലിയ വാർത്തയായിരുന്നു. സംഭവം വിവാദമായതോടെ ഈ ഗ്ലൗവിനെതിരെ ശക്തമായ വിമർശനങ്ങൾ വരുകയും തുടർന്ന് ഗ്ലൗവിൽ നിന്ന് ആർമി ചിഹ്നം മാറ്റാൻ ധോണി നിർബന്ധിതനാവുകയുമായിരുന്നു. ഇപ്പോളിതാ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സാം ബില്ലിംഗ്സിന്റെ ഗ്ലൗവും വിവാദത്തിലായിരിക്കുകയാണ്.

ഇംഗ്ലണ്ട് താരമായ സാം ബില്ലിംഗ്സ്, ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരങ്ങളിൽ സ്പെഷ്യൽ ഗ്ലൗവണിഞ്ഞായിരുന്നു ബാറ്റിംഗിനെത്തിയത്. വ്യത്യസ്ത നിറത്തിലുള്ള ഈ ഗ്ലൗവിന്റെ പ്രത്യേകത അതുണ്ടാക്കിയത് ക്രിക്കറ്റ് സാധനങ്ങൾ റീസൈക്കിൾ ചെയ്തെടുത്തിട്ടായിരുന്നു എന്നതാണ്. എന്നാൽ ന്യൂസിലൻഡിനെതിരായ ആദ്യ ടി20 ക്ക് മുൻപ് ബില്ലിംഗ്സിന്റെ ഈ‌ പരിസ്ഥിതി‌ സൗഹൃദ ഗ്ലൗവിന് ഐസിസി വിലക്കേർപ്പെടുത്തുകയായിരുന്നു.

ഐസിസി നിയമങ്ങൾ അനുസരിച്ച് നിശ്ചിത ഓവർ മത്സരങ്ങളിൽ ഒരു താരം ഉപയോഗിക്കുന്ന ബാറ്റിംഗ് ഗ്ലൗവുകളിൽ അൻപത് ശതമാനത്തിലധികം വെള്ള നിറമോ, അല്ലെങ്കിൽ ടീം ധരിക്കുന്ന ജേഴ്സിയുടെ നിറമോ വേണം. എന്നാൽ ബില്ലിംഗ്സിന്റെ സ്പെഷ്യൽ ഗ്ലൗവിന്റെ വിരലുകൾ ലൈം ഗ്രീൻ, മെറൂൺ, സ്കൈ ബ്ലൂ, ഡാർക്ക് ബ്ലൂ നിറത്തിലുള്ളവയായിരുന്നു. വെള്ള നിറത്തിനോ, ഇംഗ്ലണ്ടിന്റെ ടി20 ജേഴ്സിയുടെ നിറമായ ചുവപ്പിനോ അദ്ദേഹത്തിന്റെ ഗ്ലൗവിൽ സ്ഥാനമില്ലായിരുന്നു. ഇക്കാര്യം കൊണ്ട് തന്റെ പരിസ്ഥിതി‌ സൗഹൃദ ഗ്ലൗ ഉപയോഗിച്ച് കളിക്കാനും താരത്തിന് അനുമതിയും നിഷേധിക്കപ്പെടുകയായിരുന്നു.