SHARE

2023 ൽ ഇന്ത്യയില്‍ നടക്കാനിരിക്കുന്നു ഐസിസി ഏകദിന ലോകകപ്പ് വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം. ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കുമെന്ന് ഐസിസി, ബിസിസിഐ ക്ക് മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ടൂര്‍ണമെന്റിന്റെ നികുതിയില്‍ ഇളവ് നല്കാന്‍ തയാറാകാത്തതാണ് ഐസിസിയെ ചൊടിപ്പിച്ചത്.

മുന്‍കാലങ്ങളില്‍ ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് വേദിയാകുന്ന രാജ്യങ്ങള്‍ നികുതിയിളവ് നല്കാറുണ്ട്. എന്നാല്‍ 2021ലെ ചാമ്പ്യന്‍സ് ട്രോഫിയിലും 2023 ലെ ഏകദിന ലോകകപ്പിലും ഇതുവരെ അത്തരത്തിലൊരു വാഗ്ദാനവും ഐസിസിക്ക് ലഭിച്ചില്ല. ഇന്ത്യയിലെ സമയക്രമവുമായി വ്യത്യാസമില്ലാത്ത ഏതെങ്കിലും ഒരു രാജ്യത്തെയാകും പകരം പരിഗണിക്കുക. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഇക്കാര്യത്തിൽ അവരുടെ ചര്‍ച്ചകള്‍ തുടരും.

ഇന്ത്യയില്‍ നിന്ന് ടൂര്‍ണമെന്റ് മാറ്റിയാല്‍ ദക്ഷിണാഫ്രിക്കയോ ശ്രീലങ്കയോ, ബംഗ്ലാദേശോ പകരം വേദിയാകുമെന്നും സൂചനകളുണ്ട്. ദക്ഷിണാഫ്രിക്ക ഇതിനോടകം താല്പര്യം അറിയിച്ചുകഴിഞ്ഞു. 2006 ലെ ചാമ്പ്യൻസ് ട്രോഫിക്കും, 2011 ലെ ഏകദിന ലോകകപ്പിനും അന്നത്തെ യു.പി.എ സർക്കാർ നികുതിയിളവ് നൽകിയിരുന്നു. അതേ സമയം 2016 ലെ ടി20 ലോകകപ്പിന് നിലവിലെ സർക്കാർ യാതൊരു വിധത്തിലുള്ള നികുതിയിളവും അനുവദിച്ചിരുന്നില്ല.

ക്രിക്കറ്റിലെ ഈ രണ്ട് വമ്പൻ ടൂർണമെന്റുകളും ഇന്ത്യയിൽ നടത്താനാകാതെ വന്നാൽ കനത്ത തിരിച്ചടിയാകും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും, ബിസിസിഐക്കും അത് സമ്മാനിക്കുക. സർക്കാരുമായി നടത്തുന്ന ചർച്ചകൾക്കൊടുവിൽ അവരെടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചാകും ഈ രണ്ട് ടൂർണമെന്റുകളുടേയും ഇന്ത്യയിലെ നടത്തിപ്പിന്റെ ഭാവി.