SHARE

ഏകദിന ലോകകപ്പ് ആരംഭിക്കാൻ കഷ്ടിച്ച് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ ടീമുകളെല്ലാം അതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു‌. ലോകകപ്പിന് മുന്നോടിയായി ടീമുകളെല്ലാം ഇംഗ്ലണ്ടിൽ പരിശീലന മത്സരങ്ങളും കളിക്കുന്നുണ്ട്. ഈ പരിശീലന മത്സരങ്ങളെല്ലാം ടെലിവിഷനിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ സ്പോർട്സ്. ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

ഇന്ത്യയുടെ പരിശീലന മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് സ്റ്റാർ സ്പോർട്സ് നേരത്തെ തന്നെ അറിയിച്ചിരുന്നു. മൊത്തം 10 പരിശീലന മത്സരങ്ങളാണ് ലോകകപ്പിന് മുൻപ് ടീമുകൾ തമ്മിൽ കളിക്കുക. മെയ് 24 ന് ആരംഭിക്കുന്ന ഈ മത്സരങ്ങൾ മെയ് 28 ന് അവസാനിക്കും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മനസിലാക്കുന്നതിനും, ടീമുകൾക്ക്‌ തങ്ങളുടെ പ്ലേയിംഗ് ഇലവൻ തിരഞ്ഞെടുക്കുന്നതിനും ഈ മത്സരങ്ങൾ സഹായിക്കും.

മെയ് 25-ം തീയതി ന്യൂസിലൻഡിനെതിരെയും, മെയ് 28-ം തീയതി ബംഗ്ലാദേശിനുമെതിരെയാണ് ഇന്ത്യയുടെ പരിശീലന മത്സരങ്ങൾ. എന്നാൽ പരിശീലന മത്സരങ്ങളായതിനാൽ ഈ മത്സരങ്ങൾക്കൊന്നും ഐസിസിയുടെ ഔദ്യോഗിക അംഗീകാരം ഉണ്ടായിരിക്കില്ല.