SHARE

അഫ്ഗാനിസ്ഥാന്റെ വണ്ടര്‍ കിഡ് റഷീദ് ഖാന്‍ മാരക ഫോം തുടരുന്നു. ഐസിസി ഇന്റര്‍കോണ്ടിനല്‍ കപ്പില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ റഷീദിന്റെ തകര്‍പ്പന്‍ ബൗളിംഗില്‍ അഫ്ഗാനിസ്ഥാന് മേല്‍ക്കൈ. ആദ്യം ബാറ്റ് ചെയ്ത് ഒന്‍പതിന് 510 റണ്‍സെന്ന വന്‍ സ്‌കോര്‍ കണ്ടെത്തിയ അഫ്ഗാന്‍ യുഎഇയെ അഞ്ചിന് 100 എന്ന ഗര്‍ത്തത്തിലേക്ക് തള്ളി വിടുകയും ചെയ്തു. രണ്ടാംദിനം അവസാനിക്കുമ്പോള്‍ 410 റണ്‍സ് പിന്നിലാണ് യുഎഇ. ഐസിസി അസോസിയേറ്റ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചതുര്‍ദിന ലീഗാണ് ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്. ആറു കളികള്‍ പൂര്‍ത്തിയായപ്പോള്‍ 101 പോയിന്റുമായി അഫ്ഗാനാണ് മുന്നില്‍. അയര്‍ലന്‍ഡ് 89 പോയിന്റുമായി രണ്ടാമതും. ഇത് അവസാന റൗണ്ട് മത്സരങ്ങളാണ്.

അഫ്ഗാന്‍- യുഎഇ

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനായി സെഞ്ചുറി നേടിയത് മൂന്നു പേര്‍. ഓപ്പണര്‍ ഇഹ്‌സാനുള്ള (124), വന്മതില്‍ എന്നറിയപ്പെടുന്ന റഹ്മത്ത് ഷാ (103), ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിസ്‌കി (114) എന്നിവരുടെ മികവിലാണ് ടീം 510 റണ്‍സിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയെ തകര്‍ത്തത് മൂന്നുവിക്കറ്റെടുത്ത റഷീദ് ഖാനും. 15 ഓവറില്‍ 24 റണ്‍സ് വഴങ്ങിയാണ് റഷീദിന്റെ വിക്കറ്റ് വേട്ട.

ഒബ്രയ്ന്‍ കരുത്തില്‍ ഐറിഷ് പട

കിരീടപ്പോരാട്ടത്തില്‍ അഫ്ഗാന്റെ മുഖ്യ എതിരാളിയായ അയര്‍ലന്‍ഡ് സ്‌കോട്ട്‌ലന്‍ഡിനെയാണ് നേരിടുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ 251 ഐറിഷ് പട പുറത്തായി. 78 റണ്‍സെടുത്ത കെവിന്‍ ഒബ്രയ്ന്‍ മാത്രമാണ് പിടിച്ചുനിന്നത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ സ്‌കോട്ടിഷ് പടയ്ക്കും പിഴച്ചു. 141 റണ്‍സിന് പുറത്ത്. ഇംഗ്ലണ്ട് ദേശീയ ടീമില്‍ കളിച്ചശേഷം വീണ്ടും സ്വന്തം രാജ്യമായ അയര്‍ലന്‍ഡിനു വേണ്ടി കളിക്കുന്ന ബോയിഡ് റാങ്കിന്‍ നാലുവിക്കറ്റുമായി തിളങ്ങി. കെവിന്‍ മൂന്നുവിക്കറ്റെടുത്ത് ബൗളിംഗിലും കരുത്തുകാട്ടി. രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ അയര്‍ലന്‍ഡ് അഞ്ചിന് 186 റണ്‍സെന്ന നിലയിലാണ്. ഇന്ത്യന്‍ വംശജന്‍ സിമി സിംഗ് (34), കെവിന്‍ (13) എന്നിവരാണ് ക്രീസില്‍.

ഐപിഎല്‍ താരത്തിന്റെ മികവില്‍ നെതര്‍ലന്‍ഡ്‌സ്

മറ്റു മത്സരങ്ങളില്‍ നമീബിയയ്‌ക്കെതിരേ നെതര്‍ലന്‍ഡ്‌സ് ആദ്യ ഇന്നിംഗ്‌സില്‍ എട്ടിന് 501 റണ്‍സിന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിച്ചിരുന്ന റോളഫ് വാന്‍ഡെര്‍ മെര്‍വിന്റെ ഉജ്വല ബാറ്റിംഗാണ് ഓറഞ്ചുപടയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 193 പന്തില്‍ പഴയ ഐപിഎല്‍ താരം നേടിയത് 175 റണ്‍സ്. മറുപടി ബാറ്റിംഗില്‍ നമീബിയയുടെ ആദ്യ ഇന്നിംഗ്‌സ് 203ല്‍ അവസാനിച്ചു. പാപ്പുവാന്യൂഗിയയെ ആദ്യ ഇന്നിംഗ്‌സില്‍ 237 റണ്‍സിന് പുറത്താക്കിയ ഹോങ്കോംഗും ആദ്യ ഇന്നിംഗ്‌സ് ലീഡും പോയിന്റും നേടി. രണ്ടാംദിനം അവസാനിക്കുമ്പോള്‍ എട്ടിന് 269 റണ്‍സെന്ന നിലയിലാണ് ഹോങ്കോംഗ്.