SHARE

ബിസിസിഐയും ഐസിസിയും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാകുന്നതായി സൂചന. ഇന്ത്യക്കു പ്രാതിനിധ്യമില്ലാതെ ഐസിസി പുതിയ വര്‍ക്കിംഗ് ഗ്രൂപ്പിനു രൂപം നല്‍കി. ഐസിസിയുടെ മുന്നോട്ടുള്ള ഭരണ കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്ന വര്‍ക്കിംഗ് ഗ്രൂപ്പിലാണ് ബിസിസിഐയുടെ പ്രതിനിധി ഇല്ലാതെ പോയത്.

ഇന്ത്യ, ഇംഗ്ലണ്ട്. ഓസ്‌ട്രേലിയ എന്നിവയാണ് ഐസിസിയ്ക്കു കൂടുതല്‍ വരുമാനം നല്‍കുന്ന ക്രിക്കറ്റ് ബോര്‍ഡുകള്‍. അതുകൊണ്ട് തന്നെ ഐസിസി ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കു നല്‍കുന്ന ഫണ്ടിലും ഈ രാജ്യങ്ങള്‍ക്കു കൂടുതല്‍ നല്‍കേണ്ടതുണ്ടായിരുന്നു. എന്നാല്‍ പുതുതായി രൂപൂകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പില്‍ ഇന്ത്യയേയും ഇംഗ്ലണ്ടിനേയും ഉള്‍പ്പെടുത്തിയിട്ടില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഏള്‍ എഡ്ഡിഗ്‌സാണ് പുതിയ വര്‍ക്കിംഗ് ഗ്രൂപ്പിനെ നയിക്കുക.

ഐസിസിയുടെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും. ചട്ടക്കൂട് നിശ്ചയിക്കുന്നതും ഈ ഗ്രൂപ്പ് ആയിരിക്കും. എന്നാല്‍ കൂടുതല്‍ സ്വതന്ത്ര ഡയറക്ടര്‍മാരെ ഐസിസി ബോര്‍ഡിലേയ്‌ക്കെത്തിച്ച് ഐസിസിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഈ ഗ്രൂപ്പിന്റെ ല്ക്ഷ്യമെന്നാണ് ഐസിസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിശദീകരണം.

ലോകകപ്പ് അടക്കമുള്ള മത്സരങ്ങളില്‍ മാറ്റം വരുത്താനുള്ള ഐസിസി നിര്‍ദ്ദേശത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. മാത്രമല്ല ഇങ്ങനെ നടത്തുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ടാകുന്ന വരുമാന നഷ്ടം ഐസിസി നികത്തണമെന്ന ആവശ്യവും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഇത് ഐസിസി നേരത്തെ തള്ളിയിരുന്നു.

സാമ്പത്തീക പ്രതിസന്ധി നേരിടുന്ന മറ്റു പല രാജ്യങ്ങിലേയും ബോര്‍ഡുകള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നതിന് കൂടുതല്‍ ഫണ്ട് കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനായാണ് മത്സരങ്ങള്‍ പുനക്രമീകരിക്കാനുള്ള തീരുമാനമെന്നുമാണ് ഐസിസിയുടെ വിശദീകരണം.