SHARE

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള കായിക മത്സരങ്ങളെല്ലാം ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ വർഷം നടക്കാനിരുന്ന യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റുകൾ, ഒളിമ്പിക്സ് എന്നിവ ഈ മഹാമാരിയെത്തുടർന്ന് അടുത്ത വർഷത്തേക്ക് നീട്ടിയിരിക്കുകയാണ്. ഇപ്പോളിതാ കോവിഡ് 19 നെത്തുടർന്ന് അടുത്ത വർഷം ജൂണിൽ ഇംഗ്ലണ്ടിൽ നടക്കാനിരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലും മാറ്റാനുള്ള പദ്ധതികളിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിനലോകകപ്പിന് ശേഷമാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മത്സരങ്ങൾ ആരംഭിച്ചത്. ഐസിസിയുടെ ഫിക്സ്ചർ അനുസരിച്ച് അടുത്ത വർഷം ജൂണിൽ ഇംഗ്ലണ്ടിലെ ലോർഡ്സിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടം നടക്കേണ്ടത്. എ‌ന്നാൽ കോവിഡ് 19 നെത്തുടർന്ന് പല ടെസ്റ്റ് പരമ്പരകളും മുടങ്ങിയ സാഹചര്യത്തിലാണ് ഫൈനൽ‌ നീട്ടിവെക്കാനുള്ള നീക്കങ്ങളിലേക്ക് ഐസിസി കടന്നത്. ഈ മാസാവസാനം ടെസ്റ്റ് രാജ്യ‌ങ്ങളുടെ ക്രിക്കറ്റ് ബോർഡ് തലവന്മാരുമായി ടെലികോൺഫറൻസിംഗ്‌ വഴി ചർച്ച നടത്തിയ ശേഷം ഐസിസി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.