SHARE

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ രാഷ്ട്രീയ പ്രശ്നങ്ങൾ രൂക്ഷമായതിന് ശേഷം ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരുവരും ഏറ്റുമുട്ടിയിട്ടുള്ളത്. 2012-13 ന് ശേഷം ഒരു പരമ്പരയിൽ പോലും ഇരു ടീമുകളും നേർക്കുനേർ വന്നിട്ടില്ല. 2015, 2019 വർഷങ്ങളിലെ ഏകദിന ലോകകപ്പിലും, 2013, 2017 വർഷങ്ങളിലെ ചാമ്പ്യൻസ് ട്രോഫിയിലും, 2014, 2016 വർഷങ്ങളിലെ ടി20 ലോകകപ്പിലും ഇരു ടീമുകളും നേർക്കുനേർ വന്നെങ്കിലും 2012 മുതൽ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയും, പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ വന്നിട്ടില്ല.

ഇപ്പോളിതാ അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ‌ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സന്നാഹ മത്സരം സംഘടിപ്പിക്കാനുള്ള നീക്കങ്ങളിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. അടുത്ത വർഷത്തെ ടി20 ലോകകപ്പിന്റെ തുടക്കത്തിന് മുന്നേ ക്രിക്കറ്റ് ലോകത്തെ മുഴുവൻ ആവേശത്തിലാഴ്ത്താൻ ഈ മത്സരത്തിന്‌ കഴിയുമെന്നാണ് ഐസിസി കരുതുന്നത്. സന്നാഹ മത്സരമാണെങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നേർക്കുനേർ വരുന്നതിനാൽ മികച്ച വരുമാനവും ഈ മത്സരത്തിൽ നിന്ന് ലഭിക്കുമെന്ന് ഐസിസിക്ക് ഉറപ്പുണ്ട്. അതിനാൽ ഏത് വിധേനയും ഇങ്ങനെയൊരു മത്സരം നടത്താനാണ് അവരുടെ ശ്രമം.

ഇതാദ്യമായല്ല ഐസിസി ഇത്തരമൊരു നീക്കവുമായി മുന്നോട്ട് വരുന്നത്. 2009 ലെ ടി20 ലോകകപ്പിന് മുന്നോടിയായും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സന്നാഹ മത്സരം ഐസിസി സംഘടിപ്പിച്ചിരുന്നു. അന്ന് നടന്ന മത്സരത്തിൽ ഇന്ത്യ, അനായാസ ജയം നേടുകയായിരുന്നു.