SHARE

ന്യൂസിലൻഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ പരാജയപ്പെട്ടെങ്കിലും ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് കുതിപ്പ്. പരമ്പരയിലെ അവസാന മത്സരം മാത്രം കളിച്ച യുവ സ്പിന്നർ കുൽദീപ്‌യാദവാണ്‌ സ്വപ്ന നേട്ടത്തിലെത്തിയിരിക്കുന്നത്. ബോളർമാരുടെ റാങ്കിംഗിൽ ഒരു സ്ഥാനം മുന്നിലേക്ക് കയറിയ കുൽദീപ് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം ടി20 യിലെ രണ്ട് വിക്കറ്റ് പ്രകടനമാണ്‌ കുൽദീപിന് റാങ്കിംഗിൽ മുന്നേറാൻ കരുത്തായത്. കുൽദീപിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ബോളർമാരിൽ ഒന്നാമത്

ക്രുനാൽ പാണ്ട്യയും പുതിയ റാങ്കിംഗിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. മൂന്ന് മത്സര ടി20 പരമ്പരയിലെ പ്രകടനത്തിന്റെ ബലത്തിൽ 39 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ക്രുനാൽ പാണ്ട്യ, നിലവിൽ ബോളർമാരിൽ 58-ം സ്ഥാനത്താണ്. ബാറ്റിംഗിലും ഇന്ത്യൻ താരങ്ങൾക്ക് കോളടിച്ചിട്ടുണ്ട്. പരമ്പരയിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമ്മ, മൂന്ന് സ്ഥാനങ്ങൾ മുന്നിലേക്ക് കയറി ഏഴാമതെത്തിയപ്പോൾ, ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ശിഖാർ ധവാൻ 11-ം സ്ഥാനത്തായി.

ന്യൂസിലൻഡ് താരങ്ങൾക്കും പുതിയ റാങ്കിംഗിൽ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചു. ബാറ്റ്സ്മാന്മാരിൽ കെയിൻ വില്ല്യംസൺ ഒരു സ്ഥാനം മുന്നിലേക്ക് കയറി പന്ത്രണ്ടാമതും, റോസ് ടെയ്ലർ ഏഴ് സ്ഥാനങ്ങൾ ഉയർന്ന് അൻപത്തിയൊൻപതാമതുമെത്തി. പരമ്പരയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ടിം സെയ്ഫട്ട് 87 സ്ഥാനങ്ങൾ മുന്നിലേക്ക് കുതിച്ച് എൺപത്തി മൂന്നാമതും ബോളർമാരിൽടിം സൗത്തി ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുപ്പതാംസ്ഥാനത്തുമെത്തി.