SHARE

ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗിൽ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടിനും, ദക്ഷിണാഫ്രിക്കൻ പേസർ മോർനെ മോർക്കലിനും നേട്ടം. ഇംഗ്ലണ്ടിനും, ഓസ്ട്രേലിയയ്ക്കും എതിരെയുള്ള തകർപ്പൻ പ്രകടനമാണ് ഇരുവരെയും റാങ്കിംഗ് മെച്ചപ്പെടുത്താൻ സഹായിച്ചത്.

ഓക്ക്ലൻഡിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 9 വിക്കറ്റുകൾ വീഴ്ത്തിയ ബോൾട്ട് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബോളർമാരുടെ റാങ്കിംഗിൽ ഏഴാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ 9 വിക്കറ്റുകൾ വീഴ്ത്തിയ മോർനെ മോർക്കലും അഞ്ച് സ്ഥാനങ്ങളാണ് റാങ്കിംഗിൽ മെച്ചപ്പെടുത്തിയത്. കഴിഞ്ഞ റാങ്കിംഗിൽ പതിനൊന്നാം സ്ഥാനത്തായിരുന്ന താരം നിലവിൽ ആറാം സ്ഥാനത്താണ്. ഇതേ ടെസ്റ്റിൽ ഏഴ് വിക്കറ്റെടുത്ത ഓസീസ് ബോളർ പാറ്റ് കമ്മിൻസിനും പുതിയ റാങ്കിംഗ്, നേട്ടം സമ്മാനിച്ചിട്ടുണ്ട്. കരിയറിൽ ആദ്യമായി ഇരുപതാം റാങ്കിനുള്ളിലെത്തിയ കമ്മിൻസ് ഇപ്പോൾ പതിനെട്ടാം സ്ഥാനത്താണുള്ളത്‌.

ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസൺ ഒരു സ്ഥാനം മുന്നോട്ട് കയറി മൂന്നാമതെത്തിയതാണ് ബാറ്റിംഗ് റാങ്കിംഗിലെ പ്രധാന ഹൈലൈറ്റ്സ്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ ഡീൻ എൽഗാർ എട്ടാം സ്ഥാനത്തെത്തിയപ്പോൾ , ഐഡൻ മാർക്രം ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനഞ്ചാമതെത്തി.

നായകൻ വിരാട് കോഹ്ലിയും, ചേതശ്വർ പുജാരയുമാണ് ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. കോഹ്ലി രണ്ടാമതും, പുജാര ഏഴാം സ്ഥാനത്തുമാണ്. ബോളർമാരിൽ രവീന്ദ്ര ജഡേജ മൂന്നാമതും, അശ്വിൻ നാലാമതുമുണ്ട്. ഓൾ റൗണ്ടർമാരുടെ റാങ്കിംഗിലും ഇരുവരും മുന്നിലുണ്ട്. ഷക്കീബ് അൽഹസൻ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ രവീന്ദ്ര ജഡേജ രണ്ടാമതും, അശ്വിൻ മൂന്നാമതുമാണ്.