SHARE

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ടെസ്റ്റ് റാങ്കിംഗ് പട്ടിക പുറത്ത് വന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച മിച്ചൽ സ്റ്റാർക്ക് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബോളർമാരിൽ അഞ്ചാമതെത്തിയപ്പോൾ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഒരു സ്ഥാനം പിന്നിലേക്കിറങ്ങി ആറാമതായി. ഡർബനിൽ നടന്ന ആദ്യ ടെസ്റ്റിലെ 9 വിക്കറ്റ് പ്രകടനമാണ് സ്റ്റാർക്കിന്‌ ഗുണമായത്.

ദക്ഷിണാഫ്രിക്കയുടെ യുവ ഓപ്പണർ ഐഡൻ മാർക്രമാണ് പുതിയ റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. മത്സരത്തിൽ 32,143 എന്നിങ്ങനെ സ്കോർ ചെയ്ത മാർക്രം, 28 സ്ഥാനങ്ങൾ മുന്നിലേക്ക് കയറി തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 19 ലെത്തി. വെറും 7 മത്സരങ്ങൾ മാത്രം കളിച്ചാണ് മാർക്രം ബാറ്റ്സ്മാന്മാരിൽ ആദ്യ ഇരുപത് റാങ്കിംഗിനുള്ളിലെത്തിയത്. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ നേടിയ 71 റൺസ് പ്രകടനം റാങ്കിംഗിൽ ഒരു സ്ഥാനം മെച്ചപ്പെടുത്താൻ ദക്ഷിണാഫ്രിക്കൻ താരം ഡിവില്ലിയേഴ്സിനെ സഹായിച്ചു. നിലവിൽ ബാറ്റ്സ്മാന്മാരിൽ പന്ത്രണ്ടാമതാണ് താരം. രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ഡികോക്ക് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 22-മതെത്തി.

ഓസ്ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്താണ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഒന്നാമതുള്ളത്. വിരാട് കോഹ്ലി, ജോ റൂട്ട്, കെയിൻ വില്ല്യംസൺ, ഡേവിഡ് വാർണർ എന്നിവർ ആദ്യ അഞ്ച് സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ബോളർമാരിൽ ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സണാണ് മുന്നിൽ. കാഗിസോ റബാഡ, രവീന്ദ്ര ജഡേജ, ഹേസൽ വുഡ്, സ്റ്റാർക്ക് എന്നിവർ തൊട്ടു പിന്നാലെയുണ്ട്.