SHARE

അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഇംഗ്ലണ്ട് പേസ് ബൗളർ ജെയിംസ് ആൻഡേഴ്സണ് മാച്ച് റഫറിയുടെ കർശന താക്കീതും ഒരു ഡീമെറിറ്റ് പോയിന്റും ശിക്ഷ ലഭിച്ചു. ശ്രീലങ്കയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിനിടെയാണ് ആൻഡേഴ്സൺ അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചതും ഇപ്പോൾ പണികിട്ടിയിരിക്കുന്നതും.

ശ്രീലങ്കൻ ഇന്നിംഗ്സിലെ 39-ം ഓവറിലായിരുന്നു സംഭവം. അമ്പയറുടെ തീരുമാനത്തിൽ ആദ്യം അതൃപ്തി പ്രകടിപ്പിച്ച ആൻഡേഴ്സൺ, പിന്നീട് അദ്ദേഹത്തോട് പരാതി പറയുകയും, തുടർന്ന് ദേഷ്യത്തിൽ പന്ത് പിച്ചിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ഇതിന് മുൻപ് തന്നെ പിച്ചിലൂടെ ഓടിയതിന് അമ്പയർ ക്രിസ് ഗാഫനി ആൻഡേഴ്സൺ ആദ്യ വാണിംഗും നൽകിയിരുന്നു.

അതേ സമയം അന്നേ ദിവസത്തെ മത്സരശേഷം മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ചുമത്തിയ കുറ്റം ആൻഡേഴ്സൺ സമ്മതിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ പ്രത്യേക ഹിയറിംഗിന്റെ ആവശ്യം സംഭവത്തിൽ വേണ്ടി വന്നില്ല. നേരത്തെ ഇന്ത്യയ്ക്കെതിരെ ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിലും അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച ആൻഡേഴ്സണ് ഒരു ഡീമെറിറ്റ് പോയിന്റ് ശിക്ഷ ലഭിച്ചിരുന്നു.