SHARE
ഇന്ത്യൻ അണ്ടർ 19 ടീം 2018 (ഫയൽ ചിത്രം

അന്താരാഷ്ട്ര വനിതാ, പുരുഷ ക്രിക്കറ്റിലും അണ്ടർ 19 മത്സരങ്ങളിലും കളിക്കാൻ ഏറ്റവും കുറഞ്ഞത് 15 വയസെങ്കിലുമാകണം എന്നത് നിർബന്ധമാക്കി ഐസിസി. വളരെ ചെറുപ്പത്തിൽത്തന്നെ പല താരങ്ങളും ക്രിക്കറ്റിന്റെ വലിയ സ്റ്റേജിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരമൊരു നിർണായക തീരുമാനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ കൈക്കൊണ്ടിരിക്കുന്നത്. 15 വയസിൽ താഴെയുള്ള കളികാരെ ഇനി മുതൽ പുരുഷ, വനിതാ അന്താരാഷ്ട്ര മത്സരങ്ങളിലും, അണ്ടർ 19 മത്സരങ്ങളിലും കളിപ്പിക്കില്ലെന്ന് ഐസിസി ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്.

അതേ സമയം കൗമാര താരങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത് ഇപ്പോൾ പതിവു കാഴ്ചയാണെങ്കിലും 15 വയസിന് താഴെയുള്ള കളികാർ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നത് വളരെ അപൂർവ്വമാണ്‌. പുരുഷ ക്രിക്കറ്റിലെ മുൻ നിര ടീമുകളിൽ പാകിസ്ഥാന്റെ ഹസൻ റാസ മാത്രമാണ് 15 വയസ് എത്തുന്നതിന് മുൻപേ ദേശീയ ടീമിനായി കളിച്ചത്. 1996 ൽ 14 വയസുണ്ടായിരുന്നപ്പോലായിരുന്നു അദ്ദേഹം സിംബാബ്‌വെയ്ക്കെതിരെ ടെസ്റ്റ് മത്സരത്തിൽ കളിച്ചത്. പതിനഞ്ചാം വയസിൽ അരങ്ങേറിയ പാകിസ്ഥാന്റെ മുഷ്താഖ് അഹമ്മദ്, ബംഗ്ലാദേശിന്റെ മൊഹമ്മദ് ഷാരിഫ് എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരങ്ങളിൽ ഹസൻ റാസയ്ക്ക് പിന്നാലെയുള്ളത്.