SHARE

ടി20 ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടീം ഇന്ത്യ കളിക്കുക രണ്ട് പരിശീലന മത്സരങ്ങൾ. കരുത്തരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് ഈ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ‌. ഒക്ടോബർ 18 ന് വൈകിട്ട് 7.30 ന് ആരംഭിക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടുന്ന ടീം ഇന്ത്യ, ഇരുപതാം തീയതി വൈകിട്ട് 3.30 ന് തുടങ്ങുന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ കളിക്കും. ദുബായാണ് ഈ 2 മത്സരങ്ങൾക്കും വേദിയാകുന്നത്. സ്റ്റാർ സ്പോർട്സ് രണ്ട് മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും.

അതേ സമയം ലോകകപ്പിന്റെ ഭാഗമായി മൊത്തം 16 പരിശീലന മത്സരങ്ങളാണ് യു എ ഇ യിൽ നടക്കുക. അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് ഈ മത്സരങ്ങൾക്ക് വേദിയാവുന്നത്. പരിശീലന മത്സരങ്ങളിൽ കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കില്ല. ആകെയുള്ള 16 മത്സരങ്ങളിൽ‌ 8 മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് തത്സമയം സംപ്രേക്ഷണം ചെയ്യുമ്പോൾ, മത്സരങ്ങളുടെ ഹൈലൈറ്റ്സുകൾ ഐസിസിയുടെ വെബ്സൈറ്റിൽ ലഭ്യമായിരിക്കും.

2 ഭാഗങ്ങളായാണ് ഈ പരിശീലന മത്സരങ്ങൾ നടക്കുന്നത്‌. ഇതിൽ ആദ്യ ഭാഗ മത്സരങ്ങളിൽ ക്വാളിഫയർ റൗണ്ടിൽ കളിക്കുന്ന എട്ട് ടീമുകളാണ് കളിക്കുക‌. ഇന്നലെ ഇതിലെ നാല് മത്സരങ്ങൾ നടന്നു. ഇനി പതിനാലാം തീയതിയും നാല് മത്സരങ്ങൾ നടക്കും.‌ സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടിക്കഴിഞ്ഞ 8 ടീമുകളാണ് പരിശീലന മത്സരങ്ങളുടെ ഫേസ് 2 വിൽ കളിക്കുന്നത്. ഒക്ടോബർ 18 ന് ഇതിലെ നാല് മത്സരങ്ങളും, 20 ന് ശേഷിക്കുന്ന 4 മത്സരങ്ങളും നടക്കും.