SHARE

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് വ്യക്തമായ ലീഡുമായി ഇന്ത്യ‌. വെസ്റ്റിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരാൻ കഴിഞ്ഞതാണ് ഇന്ത്യയ്ക്ക് പോയിന്റ് പട്ടികയിൽ മേധാവിത്വം നൽകിയത്. നിലവിൽ 120 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുള്ളത്.

രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരം ജയിക്കുന്ന ടീമിന് 60 പോയിന്റാണ് ലഭിക്കുക. ഇന്ത്യ രണ്ട് മത്സരങ്ങളും ജയിച്ചതിനാൽ അവരുടെ മൊത്തം പോയിന്റ് നേട്ടം 120 ആവുകയായിരുന്നു. നേരത്തെ ന്യൂസിലൻഡും ശ്രീല‌ങ്കയും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പര 1-1 ന് സമനിലയിലായിരുന്നു. ഇതോടെ ഈ രണ്ട് ടീമുകൾക്കും 60 പോയിന്റുകൾ വീതം ലഭിച്ചു‌. ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകളാണ് യഥാക്രമം പോയിന്റ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്‌. ഓസ്ട്രേലിയയാണ് പട്ടികയിൽ നാലാമത്. 32 പോയിന്റുകളാണ് അവരുടെ സമ്പാദ്യം. 32 പോയിന്റുള്ള ഇംഗ്ലണ്ട് അഞ്ചാംസ്ഥാനത്തുണ്ട്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ വിശദമായ പോയിന്റ് രീതി താഴെപ്പറയുന്ന പ്രകാരമാണ്,

1) അഞ്ച് മത്സരങ്ങളുള്ള ഒരു പരമ്പരയിലെ ഓരോ മത്സരത്തിലും ജയിക്കുന്ന ടീമിന് 24 പോയിന്റ് വീതം ലഭിക്കുന്നു. മത്സരം സമനിലയിലായാൽ ഇരു ടീമുകൾക്കും 8 പോയിന്റ് വീതം.

2) നാല് മത്സരങ്ങളുള്ള ഒരു പരമ്പരയിലെ ഓരോ മത്സരത്തിലും ജയിക്കുന്ന ടീമിന് 30 പോയിന്റ് വീതം ലഭിക്കുന്നു. മത്സരം സമനിലയിലായാൽ ഇരു ടീമുകൾക്കും 10 പോയിന്റ് വീതം.

3) മൂന്ന് മത്സരങ്ങളുള്ള ഒരു പരമ്പരയിലെ ഓരോ മത്സരത്തിലും ജയിക്കുന്ന ടീമിന് 40 പോയിന്റ് വീതം ലഭിക്കുന്നു. മത്സരം സമനിലയിലായാൽ ഇരു ടീമുകൾക്കും 13.3 പോയിന്റ് വീതം.

4) രണ്ട് മത്സരങ്ങളുള്ള ഒരു പരമ്പരയിലെ ഓരോ മത്സരത്തിലും ജയിക്കുന്ന ടീമിന് 60 പോയിന്റ് വീതം ലഭിക്കുന്നു. മത്സരം സമനിലയിലായാൽ ഇരു ടീമുകൾക്കും 20 പോയിന്റ് വീതം.