SHARE

ഓസ്ട്രേലിയക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാൻ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ എട്ടാം സ്ഥാനത്തേക്ക് വീണു. അടുത്തിടെ അവർക്ക് ടെസ്റ്റ് റാങ്കിംഗിൽ ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. 80 റേറ്റിംഗ് പോയിന്റുകൾ മാത്രമുള്ള പാകിസ്ഥാൻ പുതിയ റാങ്കിംഗിൽ വെസ്റ്റിൻഡീസിനും താഴെയാണ്.

അതേ സമയം പാകിസ്ഥാനെതിരായ പരമ്പരയിൽ ആധികാരിക വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയ റാങ്കിംഗ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. 102 റേറ്റിംഗ് പോയിന്റുകളാണ് അവർക്കുള്ളത്‌‌. ഇന്ത്യ പുതിയ റാങ്കിംഗിലും ഒന്നാം സ്ഥാനത്ത് തന്നെയാണ്‌. 120 റേറ്റിംഗ് പോയിന്റാണ് വിരാട് കോഹ്ലിയുടെ സംഘത്തിനുള്ളത്. രണ്ടാംസ്ഥാനത്തുള്ള ന്യൂസിലൻഡ് ഇന്ത്യയേക്കാൾ 11 റേറ്റിംഗ് പോയിന്റ് പിന്നിലാണ്. ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്തുള്ളത്. ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തും, ഓസ്ട്രേലിയ അഞ്ചാം സ്ഥാനത്തുമുള്ള റാങ്കിംഗ് പട്ടികയിൽ ശ്രീലങ്ക, വെസ്റ്റിൻഡീസ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളാണ് യഥാക്രമം ആറ് മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ.