SHARE

ബ്രിസ്ബെയിൻ ടെസ്റ്റിലെ ഉജ്ജ്വല ബാറ്റിംഗ് പ്രകടനത്തിന്റെ കരുത്തിൽ ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗിൽ വൻ കുതിപ്പ് നടത്തി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. ഗാബ ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്സിൽ പുറത്താകാതെ 89 റൺസ് നേടിയ പന്ത് ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ തന്റെ കരിയർ ബെസ്റ്റ് റാങ്കിംഗായ പതിമൂന്നിലെത്തി. ഇതോടെ ബാറ്റിംഗ് റാങ്കിംഗിൽ ഏറ്റവും മുന്നിലുള്ള വിക്കറ്റ് കീപ്പറായും പന്ത് മാറി. പതിനഞ്ചാം റാങ്കിലുള്ള ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കാണ് പിന്നിൽ.

നാലാം ടെസ്റ്റിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ പുതിയ റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പിന്തള്ളി മൂന്നാമതെത്തി. ഇതോടെ വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി ഇന്ത്യൻ നായകന് ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ ആദ്യ മൂന്നിൽ ഇടമില്ലാതെയായി. ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര ഒരു സ്ഥാനം മുന്നിലേക്ക് കയറി ബാറ്റിംഗ് റാങ്കിംഗിൽ ഏഴാമതെത്തിയപ്പോൾ, അജിങ്ക്യ രഹാനെ രണ്ട് സ്ഥാനങ്ങൾ പിന്നിലേക്കിറങ്ങി ഒൻപതാം റാങ്കിലായി‌‌.‌ ശുഭ്മാൻ ഗില്ലും റാങ്കിംഗിൽ വൻ മുന്നേറ്റം നടത്തി. കഴിഞ്ഞ റാങ്കിംഗിൽ 68-മതായിരുന്ന താരം ഏറ്റവും പുതിയ റാങ്കിംഗിൽ 47 മതെത്തിയിയിട്ടുണ്ട്. ന്യൂസിലൻഡിന്റെ കെയിൻ വില്ല്യംസൺ, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ബാറ്റിംഗ് റാങ്കിംഗിൽ യഥാക്രമം 1, 2 സ്ഥാനങ്ങളിലുള്ളത്.

അതേ സമയം ബോളിംഗ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, ജസ്പ്രിത് ബുംറ എന്നിവർ ഓരോ സ്ഥാനങ്ങൾ വീതം മുന്നിലേക്ക് കയറി യഥാക്രമം 8, 9 റാങ്കുകളിലെത്തിയപ്പോൾ, ഗാബ ടെസ്റ്റിൽ 6 വിക്കറ്റുകൾ വീഴ്ത്തിയ മൊഹമ്മദ് സിറാജ്, 32 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ം റാങ്കിലെത്തി. ഓസ്ട്രേലിയൻ സ്റ്റാർ പേസർ പാറ്റ് കമ്മിൻസ് നയിക്കുന്ന ബോളിംഗ് റാങ്കിംഗിൽ, ഇംഗ്ലണ്ടിന്റെ സ്റ്റുവാർട്ട് ബ്രോഡ്, ന്യൂസിലൻഡിന്റെ നീൽ വാഗ്നർ എന്നിവരാണ് 2, 3 റാങ്കുകളിലുള്ളത്.