SHARE

ലോക മത്സരങ്ങളിൽ ടീമുകൾക്ക് ഒപ്പം കൂട്ടാനാവുന്ന അംഗങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്താനൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. നിലവിൽ ഐസിസി മത്സരങ്ങളിൽ ഒരു ടീമിന് 25 അംഗങ്ങളെ വരെയാണ് ടീംസ്ക്വാഡിൽ ഉൾപ്പെടുത്താൻ കഴിയുന്നത്. അത് 23 ആക്കി ചുരുക്കാനാണ് ഐസിസി നീക്കം. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ പോലുള്ള ടീമുകളെയായാവും ഇത്തരത്തിലൊരു നീക്കം കാര്യമായി ബാധിക്കുക.

നിലവിൽ ന്യൂസിലൻഡ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ടീമിനൊപ്പം 28 അംഗങ്ങളാണുള്ളത്. 15 താരങ്ങളും, 2 ത്രോ ഡൗൺ സ്പെഷ്യലിസ്റ്റുകൾ, 4 പരിശീലകർ, ഒരു ഫിസിയോതെറാപ്പിസ്റ്റ്, ട്രെയിനർ, ഒരു മാനേജർ, ഒരു മസാജ്‌ വിദഗ്ധൻ, ഒരു ലോജിസ്റ്റിക്ക് മാനേജർ, ഒരു മീഡിയ മാനേജർ എന്നിവരാണ് ഈ‌ 28 അംഗ സ്ക്വാഡിൽ ഉള്ളത്. മിക്ക പരമ്പരകളിലും ഇത്ര വലിയ സ്ക്വാഡുമായാണ് ഇന്ത്യ കളിക്കുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളുടേയും സ്ക്വാഡ് എണ്ണം ഇത്രത്തോളമുണ്ട്. അത് കൊണ്ടു തന്നെ സ്ക്വാഡിലുള്ള ആൾക്കാരുടെ എണ്ണം ഐസിസി ഇവന്റുകളിൽ കുറയ്ക്കുന്നത് ഈ ‌ടീമുകൾക്ക്‌ തിരിച്ചടിയാണ്. ബിസിസിഐ ഉൾപ്പെടെയുള്ള ക്രിക്കറ്റ് ബോർഡുകൾ അത്‌ കൊണ്ട് തന്നെ ഐസിസിയുടെ പുതിയ നീക്കത്തിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ട് തന്നെ അറിയണം.