SHARE

കോറോണ വൈറസ് രോഗം (കോവിഡ്-19) ലോകമെമ്പാടും ഭീഷണി ഉയർത്തി പടർന്ന് കൊണ്ടിരിക്കുകയാണ്. പതിനാറായിരത്തിലധികം ആൾക്കാരാണ് ഇത് വരെ ഈ മഹാമാരി ബാധിച്ച് മരണപ്പെട്ടത്. കൊറോണ പടർന്ന് പിടിച്ച സാഹചര്യത്തിൽ ലോകത്തെ എല്ലാത്തരം കായിക മത്സരങ്ങളും ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. ഇതിന് പുറമേ ഈ വർഷം നടക്കാനിരുന്ന കോപ്പ അമേരിക്ക, യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റുകളും, ഒളിമ്പിക്സും അടുത്ത വർഷത്തേക്ക് മാറ്റി. മഹാമാരിയുടെ വ്യാപനത്തെത്തുടർന്ന് ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഈ മാസം 29 ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ, 18 അംഗ ഡയറക്ടർ ബോർഡുമായി ചർച്ച നടത്തുമെന്നും ഈ ചർച്ചയിൽ ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് നിർണായക തീരുമാനമെടുക്കുമെന്നുമാണ് സൂചനകൾ. ടെലി കോൺഫറൻസിംഗിലൂടെയാവും ഈ മീറ്റിംഗ് നടക്കുക. അതേ സമയം ടൂർണമെന്റ് അടുത്ത വർഷത്തേക്ക് നീട്ടി വെക്കുന്നതും ഐസിസിയ്ക്ക് തലവേദന നൽകും. 2021 ൽ ഇന്ത്യയിൽ വെച്ച് ടി20 ലോകകപ്പ് നടക്കുന്നതിനാലാണ് ഇത്. നിലവിലെ സാഹചര്യത്തിൽ 2020‌ലേയോ, 2021 ലേയോ ടി20 ലോകകപ്പുകളിലൊന്ന് ഉപേക്ഷിക്കാൻ ഐസിസി നിർബന്ധിതരാവുമെന്നാണ് സൂചന.