SHARE

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരുന്ന ടി20 ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റി വെക്കുമെന്ന് സൂചന. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായിട്ടായിരുന്നു ടി20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് മഹാമാരി കൂടുതൽ ഭീകരമായി മാറിയ സാഹചര്യത്തിൽ ടൂർണമെന്റ് മാറ്റി വെക്കുന്നതാണ് ഉചിതമെന്ന് ഐസിസിക്കുള്ളിൽ അഭിപ്രായം ഉയരുകയായിരുന്നു. അടുത്തയാഴ്ച ഇക്കാര്യത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി, മാറ്റി വെച്ച ടി20 ലോകകപ്പ് നടത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പദ്ധതികളെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് ശേഷം ഏപ്രിലിൽ ഐപിഎൽ നടക്കുമെന്നും, ഇങ്ങനെ സംഭവിച്ചാൽ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം നടന്നേക്കില്ലെന്നുമാണ് സൂചനകൾ. അതേ സമയം ബിസിസിഐയുടെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്. ബിസിസിഐ‌ ഈ നീക്കങ്ങളെ എതിർത്താൽ അത് ഐസിസിയേയും വെട്ടിലാക്കും.