SHARE

ഐസിസി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം. കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 29 റണ്‍സിനാണ് ഏഷ്യന്‍ പവര്‍ഹൗസുകള്‍ കീഴ്‌പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 35 ഓവറില്‍ ഒന്‍പതുവിക്കറ്റിന് 163 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. വെറും 26.4 ഓവറില്‍ 110ന് അവര്‍ പുറത്തായി.

സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന് വെറും ഒന്‍പത് റണ്‍സെടുക്കാനേ സാധിച്ചുള്ളു. എവിന്‍ ലൂയിസ് (36), മര്‍ലോണ്‍ സാമുവല്‍സ് (34) എന്നിവര്‍ മാത്രമാണ് കരീബിയന്‍ നിരയില്‍ തിളങ്ങിയത്. അഫ്ഗാനായി ഡവ്‌ലത് സദ്രാന്‍ 7 ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. റഷീദ് ഖാനാണ് അഫ്ഗാനെ നയിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഒരുഘട്ടത്തില്‍ 71-8 എന്ന നിലയിലായിരുന്നു. സമിയുള്ള ഷെന്‍വാരി (42), ഗുല്‍ബദിന്‍ നയ്ബ് (48) എന്നിവര്‍ ഒന്‍പതാം വിക്കറ്റില്‍ 93 റണ്‍സ് നേടിയതാണ് കളിയിലെ വഴിത്തിരിവ്.

മറ്റു മത്സരങ്ങളില്‍ നേപ്പാള്‍ അഞ്ചുവിക്കറ്റിന് യുഎഇയെ കീഴടക്കി. യുഎഇ 29 ഓവറില്‍ 171 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ നേപ്പാള്‍ 28.2 ഓവറില്‍ അഞ്ചുവിക്കറ്റിന് ലക്ഷ്യംകണ്ടു. നെതര്‍ലന്‍ഡ്‌സ് ഹോങ്കോംഗിനെ എട്ടുവിക്കറ്റിന് കീഴടക്കി. സ്‌കോര്‍: ഹോങ്കോംഗ് 157 (51), നെതര്‍ലന്‍ഡ്‌സ് 155-2 (35.5). പാപ്പുവ ന്യൂഗിനിയയെ സ്‌കോട്‌ലന്‍ഡ് കീഴടക്കിയത് ഏഴുവിക്കറ്റിനാണ്. പാപ്പുവാ ന്യൂഗിനിയ 196ല്‍ പുറത്തായപ്പോള്‍ സ്‌കോട്ട്‌ലന്‍ഡ് 36.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. സിംബാബ്‌വെ- അയര്‍ലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു. മാര്‍ച്ച് നാലിനാണ് യോഗ്യതറൗണ്ട് ആരംഭിക്കുന്നത്.