SHARE

ക്രൊയേഷ്യക്കെതിരെ ലോകകപ്പില്‍ നിര്‍ണ്ണായകമായ മത്സരമാണ് ഇനി ഐസ്‌ലന്‍ഡിന് അവശേഷിക്കുന്നത്. ആദ്യമായി ലോകകപ്പ് കളിക്കുന്ന ഐസ്‌ലന്‍ഡ് അര്‍ജന്റീനയെ സമനിലയില്‍ തളച്ചിരുന്നു. ഗ്രൂപ്പ് ഡിയില്‍ നിന്ന് ക്രൊയേഷ്യ മാത്രമാണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുള്ളത്. അര്‍ജന്റീനയടക്കമുള്ള മറ്റു ടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടറില്‍ കടക്കാനാവുന്ന അവസ്ഥയാണുള്ളത്.

അര്‍ജന്റീനക്കും ഐസ്‌ലന്‍ഡിനും ഒരേ പോയന്റാണെങ്കിലും ഗോള്‍ശരാശരിയില്‍ ഐസ്‌ലന്‍ഡ് മുന്നിലാണ്. അവസാന മത്സരത്തില്‍ അര്‍ജന്റീന നൈജീരിയെ പരാജയപ്പെടുത്തിയാല്‍ ഐസ്‌ലന്‍ഡിനും പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ അവസരമുണ്ട്. മികച്ച മാര്‍ജ്ജിനില്‍ അവര്‍ ക്രൊയേഷ്യയെ തോൽപ്പിക്കണം. ക്രൊയേഷ്യയുടെ ഇപ്പോഴത്തെ ഫോം പരിഗണിച്ചാല്‍ അതിന് കഴിയില്ലെന്നതാണ് വസ്തുത. എന്നാല്‍ ഐസ്‌ലന്‍ഡ് പരിശീലകന്‍ ഹെയ്മിര്‍ ഹാള്‍ഗ്രിംസണ്‍ പ്രതീക്ഷയില്‍ത്തന്നെയാണ്. യോഗ്യതാ മത്സരത്തിൽ ക്രൊയേഷ്യയെ തോൽപ്പിക്കാനായതും അവർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

തന്റെ ഫോണ്‍ പോലും ഓഫാക്കി വെച്ചിട്ടാണ് ഹാള്‍ഗ്രിംസണ്‍ ക്രൊയേഷ്യയുമായുള്ള മത്സരത്തിന് തയ്യാറെടുക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മറ്റു ടീമുള്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കാനാവില്ലെന്നത് ഒരു ഞെട്ടലോ, അല്ലെങ്കില്‍ അപമാനമോ ആയിരിക്കാം. എന്നാള്‍ തങ്ങള്‍ യോഗ്യത നേടിയാല്‍ കുറഞ്ഞ കാലം കൊണ്ട് ഐസ്‌ലന്‍ഡ് ഫുട്‌ബോള്‍ കൈവരിക്കുന്ന ചരിത്രനേട്ടമായിരിക്കും അതെന്നും ഹാള്‍ഗ്രിംസണ്‍ പറയുന്നു.

ഗ്രൂപ്പില്‍ അവസാന സ്ഥാനത്തുള്ള അര്‍ജന്റീനയെ സംബന്ധിച്ചും ഏറെ നിര്‍ണ്ണായമാണ് ഐസ്‌ലന്‍ഡ്-ക്രൊയേഷ്യ മത്സരം. അര്‍ജന്റീനക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ നൈജീരിയയെ പരാജയപ്പെടുത്തുകയും ഐസ്‌ലന്‍ഡ് ക്രൊയേഷ്യയോട് പരാജയപ്പെടുകയും വേണം. ലോകകപ്പിലെ കന്നിക്കാര്‍ അവസാന മത്സരം വിജയിക്കുകയാണെങ്കില്‍ അര്‍ജന്റീന നൈജീരിയയെ വന്‍ മാര്‍ജ്ജിനില്‍ തോല്‍പ്പിക്കേണ്ടിയും വരും. ചൊവ്വാഴ്ച്ച രാത്രി 11.30നാണ് ഗ്രൂപ്പ് ഡിയിലെ അവസാന റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്.