SHARE

മത്സരങ്ങള്‍ക്ക് ശേഷം അര്‍ജന്റീനാ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ജേഴ്‌സി ഊരിവാങ്ങാന്‍ ആഗ്രഹിക്കാത്ത ഫുട്‌ബോള്‍ താരങ്ങളില്ല. എന്നാല്‍ ഐസ്‌ലാന്റ് താരം ഡിഗോ ജോഹാന്‍സണ്‍ 23 ജേഴ്‌സികളാണ് മെസ്സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വേറൊന്നിനുമല്ല, അടുത്ത വര്‍ഷം റഷ്യയില്‍ അര്‍ജന്റീനയുമായി നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരത്തിന് ശേഷം മുഴുവന്‍ ഐസ്‌ലാന്റ് താരങ്ങള്‍ക്കും നല്‍കാന്‍ വേണ്ടിയാണ് താരം ഇത്രയുമധികം ജേഴ്‌സി ആവശ്യപ്പെട്ടിട്ടുള്ളത്.

ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടിയ ഐസ്‌ലാന്റ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പ് ഡി യിലാണ് മത്സരിക്കുന്നത്. അര്‍ജന്റീന തന്നെയാണ് അവരുടെ ആദ്യ എതിരാളികളും. പ്രതിരോധതാരമായ ഡീഗോ ജോഹാന്‍സണ്‍ മൂന്നുമത്സരങ്ങളാണ് ഐസ്‌ലാന്റിന് വേണ്ടി കളിക്കാനിറങ്ങിയിട്ടുള്ളത്. ”ലോകകപ്പില്‍ വലിയ പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്, ഏത് ടീമിനെയും ഞങ്ങള്‍ക്ക് തോല്‍പ്പിക്കാനാവും, 2016ലെ യൂറോകപ്പില്‍ ഞങ്ങളത് ചെയ്ത് കാണിച്ചതാണ്, ജയിച്ചാലും തോറ്റാലും മെസ്സി ഞങ്ങളുടെ ടീമിലെ മുഴുവന്‍ പേര്‍ക്കും അദ്ദേഹത്തിന്റെ ജേഴ്‌സി നല്‍കണം’ – 24കാരനായ ജോഹാന്‍സണ്‍ പറഞ്ഞു.

അടുത്ത ലോകകപ്പില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഗ്രൂപ്പ് ഡിയിലെ മത്സരങ്ങളെ കാത്തിരിക്കുന്നത്. ഐസ്‌ലാന്റിനും അര്‍ജന്റീനക്കും പുറമേ, നൈജീരിയയും ക്രൊയേഷ്യയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.