SHARE

ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ ക്രൊയേഷ്യയെ നേരിടാനിരിക്കുന്ന ഐസ്‌ലന്‍ഡിന് കനത്ത തിരിച്ചടി. പരുക്കിനാല്‍ വലയുന്ന ടീമിന്റെ ഫിസിയോ പീറ്റര്‍ ഗുണ്ണാഴ്‌സണാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. സൈക്ലിംഗ് ആക്‌സിഡന്റില്‍ പരുക്കേറ്റ ഫിസിയോ നാട്ടിലേക്ക് മടങ്ങിയതായി ടീം ട്വിറ്ററിലൂടെ വ്യക്തമാക്കി.

ടീമിലെ വിംഗര്‍ ജൊഹാന്‍ ബെര്‍ഗ് ഗുഡ്മണ്ട്‌സണാണ് പരുക്കിന്റെ പിടിയിലുള്ള താരം. നൈജീരിയക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ പ്രതിരോധതാരം റെഗ്നാര്‍ സിഗുര്‍ഡ്‌സണ് തലയിലും പരുക്കേറ്റിരുന്നു. മത്സരത്തില്‍ താരത്തെ കോച്ച് പിന്‍വലിക്കുകയും ചെയ്തിരുന്നു. സിഗുർഡ്സൺ അടുത്ത മത്സരം കളിക്കുമെന്ന് തന്നെയാണ്  ലഭിക്കുന്ന സൂചന. എന്നാൽ ഫിസിയോയുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ സമനിലയില്‍ തളച്ച ഐസ്‌ലന്‍ഡ് നൈജീരിയയോട് എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടിരുന്നു.

ഗ്രൂപ്പ് ഡിയില്‍ നിലവില്‍ അര്‍ജന്റീനക്കും ഐസ്‌ലന്‍ഡിനും ഓരോ പോയന്റ് വീതമാണുള്ളത്. 6 പോയന്റ് നേടിയ ക്രൊയേഷ്യ ഇതിനകം തന്നെ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നിട്ടുണ്ട്. നൈജീരിയ 3 പോയന്റോടെ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ ഗ്രൂപ്പില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണ്ണായകമാണ്.