SHARE

നോര്‍വ്വെക്കെതിരെ നടന്ന ലോകകപ്പ് സന്നാഹമത്സരത്തില്‍ ഐസ്‌ലന്‍ഡിന് തോല്‍വി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഫുട്‌ബോളിലെ പുതുശക്തികള്‍ പരാജയപ്പെട്ടത്. ആദ്യപകുതി അവസാനിക്കുമ്പോള്‍ ഇരുടീമുകളും 1-1 സമനില പാലിക്കുകയായിരുന്നു. ജോണ്‍ ജോണ്‍സന്‍ നേടിയ ഗോളിലൂടെ നോര്‍വ്വെയാണ് മത്സരത്തിലാദ്യം മുന്നിലെത്തിയത്.

എന്നാല്‍ 30ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ ഐസ്‌ലന്‍ഡ് തിരിച്ചടിച്ചു. ഫിന്‍ബോഗസണാണ് നോര്‍വ്വെ വല കുലുക്കിയത്. രണ്ടാം പകുതിയില്‍ സൈഗര്‍സണ്‍ നേടിയ ഗോളില്‍ ഐസ്‌ലന്‍ഡ് ലീഡ് നേടുകയും ചെയ്തു. എന്നാല്‍ 80ാം മിനുട്ടിലും 85 മിനുട്ടിലും ഓരോ ഗോള്‍ വീതം തിരിച്ചടിച്ച് നോര്‍വ്വെ മത്സരം കയ്യിലാക്കി. ജോഷ്വ കിംഗും അലക്‌സാണ്ടര്‍ സൊര്‍ലോത്തുമാണ് നോര്‍വ്വെക്ക് വേണ്ടി ഗോള്‍ നേടിയത്.

മറ്റു മത്സരങ്ങളില്‍ ബെല്‍ജിയം പോര്‍ച്ചുഗലുമായും ഡെന്‍മാര്‍ക്ക് സ്വീഡനുമായും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. അയര്‍ലന്‍ഡ് 2-1ന് അമേരിക്കയെ പരാജയപ്പെടുത്തിയപ്പോള്‍ സ്ലൊവേനിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മൊണ്ടിനെഗ്രോയെ വീഴ്ത്തി. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരങ്ങളില്‍ മെക്‌സിക്കോ 1-0ന് സ്‌കോട്‌ലന്‍ഡിനെയും എല്‍ സാല്‍വഡോര്‍ 1-0ന് ഹോണ്ടുറാസിനെയും തോല്‍പ്പിച്ചു.