SHARE

അർജന്റീനയ്ക്കെതിരായ ​മത്സരത്തിൽ ഐസ്ലൻഡ് എന്ന കുഞ്ഞുരാജ്യം പന്ത് തട്ടുന്നത് ചരിത്രത്തിലേക്കാണ്. ലോകകപ്പിൽ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന് നേട്ടമാണ് ഐസ്ലൻഡിനെ കാത്തിരിക്കുന്നത്. മോസ്കോയിൽ ഇന്ന് വൈകുന്നേരം 6.30-നാണ് ചരിത്രപോരാട്ടം.

ഫുട്ബോളിൽ ചരിത്രവും നേട്ടവുമൊന്നും അവകാശപ്പെടാനില്ലാത്ത കുഞ്ഞുരാജ്യം, കഠിനാധ്വാനം കൊണ്ട് ലോകത്തെ ഞെട്ടിച്ച വീരകഥയാണ് ഐസ്ലൻഡിന് പറയാനുള്ളത്. 2016 യൂറോകപ്പിൽ പോർച്ചു​ഗലടങ്ങിയ ​ഗ്രൂപ്പിൽ നിന്ന് വിജയിച്ച് പ്രീക്വാർട്ടറിൽ ഇം​ഗ്ലണ്ടിനെ അട്ടിമറിച്ച് ക്വാർട്ടറിൽ ഫ്രാൻസിനോട് പൊരുതിതോറ്റ് ഐസ്ലൻഡ് മടങ്ങിയത് ആരാധകരുടെ ഹൃദയവുമായാണ്. അന്നത്തെ അട്ടിമറിയുടെ തുടർച്ചയായി നടത്തിയ മിന്നുന്ന പ്രകടനത്തോടെ അവർ ലോകകപ്പിനും യോ​ഗ്യത നേടി. ലോകകപ്പിലെ ആദ്യ മത്സരം കരുത്തരായ അർജന്റീനയ്ക്കെതിരെയാണെങ്കിലും, ഐസ്ലൻഡിന് പേടിയില്ല. പൊരുതാനുള്ള മനസും, ചങ്ക് കൊടുത്ത് പിന്തുണ പ്രഖ്യാപിച്ച ആരാധകരും അവർക്കുണ്ട്.

ഇം​ഗ്ലീഷ് ക്ലബ് എവർട്ടന്റെ ​ഗിഫിൽ സി​ഗുർസനാണ് ടീമിലെ സൂപ്പർ താരം. പരിക്കിൽ നിന്ന് മോചിതനായെത്തിയ താരം, ഇന്ന് കളിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു ഇം​ഗ്ലീഷ് ക്ലബ് കാർഡിഫ് സിറ്റിയുടെ ആരൺ ​ഗണ്ണേഴ്സനാണ് ടീം നായകൻ. റാ​ഗ്നർ സി​ഗുർസൻ,ജൊഹാൻ ബെർ​ഗ് ​ഗുഡ്മുണ്ട്സൻ ​,​ഗോൾക്കീപ്പർ ഹാന്നർ ഹാൾഡർസൻ തുടങ്ങി പരിചയസമ്പന്നരായ, ഒരുപിടി താരങ്ങൾ ഐസ്ലൻഡ് നിരയിലുണ്ട്.

മികച്ച് ടീമെന്ന പേരുള്ളപ്പോഴും, ഒക്ടോബറിൽ ലോകകപ്പിന് യോ​ഗ്യത നേടിയ ശേഷം നടന്ന മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ടീം ജയിച്ചത്. ഇന്തോനീഷ്യക്കെതിരെയായിരുന്നു വിജയം. പെറു, മെക്സിക്കോ, നോർവെ തുടങ്ങിയവരോട് തോറ്റപ്പോൾ, അവസാന സന്നാഹമത്സരത്തിൽ ഘാനയോട് സമനിലയാണ് ഐസ്ലൻഡ് വഴങ്ങിയത്. എന്നാൽ അതൊക്കെ സന്നാഹ മത്സരങ്ങളല്ലേ, ലോകകപ്പിൽ ഐസ്ലൻഡ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.