SHARE

ബ്രസീൽ താരം നെയ്മറാണോ ക്രൊയേഷ്യയുടെ മരിയോ മാൻസൂക്കിച്ചാണോ നിലവിൽ മികച്ച താരമെന്ന് ചോദിച്ചാൽ താൻ മാൻസൂക്കിച്ചിനെ തിരഞ്ഞെടുക്കുമെന്ന് മുൻ ജെർമ്മനി താരമായിരുന്ന സ്റ്റെഫാൻ എഫെൻബർഗ്. നിലവിൽ 32 വയസുള്ള മാൻസൂക്കിച്ച് അല്പം കൂടി ചെറുപ്പമായിരുന്നെങ്കിൽ അദ്ദേഹം 200 മില്ല്യൺ യൂറോ പ്രതിഫലം ലഭിക്കുന്ന താരമായി മാറുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നിലവിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സ്ട്രൈക്കർമാരിലൊരാളാണ് മാൻസൂക്കിച്ച്. അദ്ദേഹം ടീമിന് വേണ്ടി മികച്ച കളി പുറത്തെടുക്കുകയും, ഗോളുകൾ നേടുകയും ചെയ്യുന്നു. അല്പം കൂടി ചെറുപ്പമായിരുന്നെങ്കിൽ 200 മില്ല്യൺ യൂറോ മാർക്കറ്റ് വാല്യൂ ലഭിക്കുന്ന താരമാകുമായിരുന്നു അദ്ദേഹം. നിലവിൽ നെയ്മറേക്കാൾ പത്തിരട്ടി മികവിൽ കളിക്കുന്ന താരമാണ് മാൻസൂക്കിച്ച്”. എഫെൻബർഗ് പറഞ്ഞു.

അതേ സമയം ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിന്റെ താരമായ മാൻസൂക്കിച്ച്, റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ക്രൊയേഷ്യ ഫൈനലിലെത്തി നിൽക്കുന്ന ലോകകപ്പിൽ ഇത് വരെ രണ്ട് ഗോളുകളും താരം നേടിക്കഴിഞ്ഞു. ഇതിൽ ഏറ്റവും ശ്രദ്ധേയം ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനലിന്റെ അധിക സമയത്ത് നേടിയ ടീമിന്റെ വിജയ ഗോളായിരുന്നു.