SHARE

2023 ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കിരീടം ചൂടാൻ ബംഗ്ലാദേശിന് കഴിഞ്ഞില്ലെങ്കിൽ 2027 ലെ ലോകകപ്പിലും താൻ കളിക്കാനുണ്ടാകുമെന്ന് ബംഗ്ലാദേശ് സൂപ്പർ താരം ഷക്കീബ് അൽഹസൻ. കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു മുപ്പത്തിനാലുകാരനായ ഷക്കീബ് ഇക്കാര്യം വ്യക്തമാക്കിയത്.

“2023 ൽ നടക്കാൻ പോകുന്നത് എന്റെ അവസാന ലോകകപ്പായിരിക്കും. എന്നാൽ ബംഗ്ലാദേശ് ആ ലോകകപ്പിൽ വിജയിച്ചില്ലെങ്കിൽ ഞാൻ 2027 ലോകകപ്പ് വരെ ടീമിനൊപ്പം തുടരും.” ഷക്കീബ് പറഞ്ഞു.

കഴിഞ്ഞ മാസം പ്രായം മുപ്പത്തിനാലിലെത്തിയെങ്കിലും അടുത്തെങ്ങും കളിക്കളത്തിൽ നിന്ന് വിരമിക്കാനുള്ള പദ്ധതി തനിക്കില്ലെന്നാണ് ഷക്കീബ്‌ പറയുന്നത്. കളി ആസ്വദിക്കാൻ കഴിയുന്നിടത്തോളം കാലം താൻ ക്രിക്കറ്റിൽ തുടരുമെന്ന് പറയുന്ന ഷക്കീബ്, കളിയോട് എന്ന് മടുപ്പ് തോന്നുന്നുവോ അന്ന് വിരമിക്കുമെന്നും സംസാരത്തിനിടെ കൂട്ടിച്ചേർത്തു.

അതേ സമയം ബംഗ്ലാദേശ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഷക്കീബ്, 2019 ൽ ഇംഗ്ലണ്ടിൽ വെച്ചു നടന്ന ഏകദിന ലോകകപ്പിൽ മാസ്മരിക ഓൾ റൗണ്ട് പ്രകടനമായിരുന്നു പുറത്തെടുത്തത്. ടൂർണമെന്റിൽ കളിച്ച എട്ട് മത്സരങ്ങളിൽ 86.57 ബാറ്റിംഗ് ശരാശരിയിൽ 606 റൺസ് അടിച്ചു കൂട്ടിയ താരം 2 സെഞ്ചുറികളും, 8 അർധ സെഞ്ചുറികളുമാണ് നേടിയത്. ബോളിംഗിലും മിന്നിത്തിളങ്ങിയ ഷക്കീബ് അഫ്ഗാനിസ്ഥാനെതിരെ സ്വന്തമാക്കിയ അഞ്ച് വിക്കറ്റ് നേട്ടമുൾപ്പെടെ മൊത്തം 11 വിക്കറ്റുകളാണ് ഈ ലോകകപ്പിൽ പിഴുതത്.