SHARE

ബാഴ്സലോണയുടെ ഇതിഹാസ താരം ആന്ദ്രേ ഇനിയസ്റ്റയുടെ പേര് ആന്ദ്രേസീന്യോ എന്നായിരുന്നെങ്കിൽ ഇപ്പോൾ തന്നെ രണ്ട് ബാലൺ ദി ഓർ പുരസ്കാരം ലഭിച്ചേനെയെന്ന് സ്പാനിഷ് ടീമിലെ സഹതാരവും ക്ലബ് തലത്തിലെ പ്രധന എതിരാളിയുമായ സെർജിയോ റാമോസ്. അലിയൻസ് അറീനയിൽ ബയേൺ മ്യൂണിക്കിനെതിരായ വിജയത്തിന് ശേഷമായിരുന്നു റയൽ മഡ്രിഡ് നായകന്റെ പരിഹാസം കലർന്ന വിമർശനം.

സീസൺ അവസാനത്തോടെ ഇനിയേസ്റ്റ ബാഴ്സലോണ വിടുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് ഇനിയേസ്റ്റയ്ക്ക് ബാലൺ ഡി ഓർ ലഭിക്കാത്തതിനെക്കുറിച്ച് വീണ്ടും ചർച്ച വരുന്നത്. ഇതേക്കുറിച്ച് പറയുമ്പോഴാണ് റാമോസിന്റെ വിമർശനം. 2010-ൽ സ്പെയിൻ ലോകകപ്പ് നേടിയപ്പോൾ ഇനിയേസ്റ്റ ബാലൺ ദി ഓർ നേടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അവിടെ ഇനിയേസ്റ്റയെ തഴിഞ്ഞു. ഇനിയേസ്റ്റ ഒരു ബ്രസീലുകാരനായിരുന്നെങ്കിൽ, ഇനിയേസ്റ്റയുടെ പേര് ആന്ദ്രേസീന്യോ എന്നായിരുന്നെങ്കിൽ രണ്ട് തവണയെങ്കിലും ബാലൺ ദി ഓർ ലഭിക്കുമായിരുന്നു റാമോസ് പറഞ്ഞു.

2010-ൽ ബാലൺ ദി ഓർ പുരസ്കാരം ലഭിച്ചത് ബാഴ്സയിൽ ഇനിയേസ്റ്റയുടെ സഹതാരമായ ലയണൽ മെസിക്കായിരുന്നു. 2013-ലും ഇനിയേസ്റ്റ പുരസ്കാര പട്ടികയിൽ അവസാന മൂന്നിലെത്തിയിരുന്നു അന്നും പുരസ്കാരം മെസിക്കായിരുന്നു.