2002ല്‍ നാറ്റ്വെസ്റ്റ് പരമ്പരയിലെ ഫൈനല്‍ വിജയിച്ചപ്പോള്‍ ലോര്‍ഡ്സില്‍ തന്റെ ജേഴ്സിയൂരി ആവേശം കാണിച്ച സൗരവ് ഗാംഗുലിയെ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കുകയില്ല. ആ ഗാംഗുലിയാണ് പറയുന്നത് 2019 ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യന്‍ കിരീടം നേടുകയാണെങ്കില്‍ നായകന് വിരാട് കോഹ്ലി ഓക്സ്ഫോര്‍ഡ് തെരുവിലൂടെ നടന്നാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്ന്. ആ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ ക്യാമറാന്മാരെല്ലാം തയ്യാറായിക്കോളൂവെന്നും ഗാംഗുലി കൂ്ട്ടിചേര്‍ത്തു.
‘ 2019 ലോകകപ്പില്‍ ലോര്‍ഡ്സില്‍ വെച്ച് ഇന്ത്യയ്ക്ക് കോഹ്ലി ലോകകപ്പ് സമ്മാനിക്കുകയാണെങ്കില്‍ ഞാന്‍ ഉറപ്പു നല്കുന്നു, നിങ്ങള്‍ ക്യാമറകള്‍ തയ്യാറാക്കി വെച്ചോളൂ, വിരാട് കോഹ്ലി ഓക്സ്ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടില്ലാതെ നടക്കുന്നത് നിങ്ങള്‍ക്ക് കാണാനായേക്കും’ – ഗാംഗുലി പറഞ്ഞു. മാത്രമല്ല, ആര് അന്ന് കോഹ്ലിയ്ക്കൊപ്പമുണ്ടായിരിക്കുമെന്നതും ഗാംഗുലി പ്രവചിക്കുന്നുണ്ട്. ‘ ആര് ക്യാപ്റ്റനെ പിന്തുടരുമെന്നും ഞാനിപ്പോള്‍ പറയുകയാണ്, അത് ഹാര്‍ദിക് പാണ്ഡ്യയായിരിക്കും’ – ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
എന്തായാലും സൗരവ് ഗാംഗുലിയുടെ ഈ വാക്കുകള്‍ക്ക് കോഹ്ലിയുടെ പ്രതികരണവും വന്നു. ‘ അത് ഞാന്‍ തനിച്ചായിരിക്കുമെന്ന് ചിന്തിക്കുന്നില്ല, ഇന്ത്യന്‍ ടീമില്‍ ഒരുപാട് സിക്സ് പാക്കുള്ള ആളുകളുണ്ട്, ഞങ്ങള്‍ ഷര്‍ട്ടില്ലാതെ തെരുവിലൂടെ നടക്കും, ഹാര്‍ദിക് പാണ്ഡ്യ, ബുംറ അങ്ങനെ മറ്റു ചിലരൊക്കെ ഉണ്ടായിരിക്കും’ – കോഹ്ലി തമാശരൂപത്തില്‍ പ്രതികരിച്ചു. 2019 ജൂണ്‍ – ജൂലൈ മാസങ്ങളിലാണ് ഇംഗ്ലണ്ട് ലോകകപ്പ് നടക്കാനിരിക്കുന്നത്.