ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക്വഹിച്ചത് ചേതേശ്വർ പുജാരയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ്. പരമ്പരയിലെ ടോപ്സ്കോററായ പുജാരയുടെ ബാറ്റിംഗ് മികവ് ഇന്ത്യൻ വിജയത്തിലെ വളരെ നിർണായകമായി. പരമ്പരയിലുടനീളം ഓസീസ് താരങ്ങളുടെ കടുത്ത സ്ലെഡ്ജിംഗിനെ നേരിട്ടായിരുന്നു പുജാരയുടെ ബാറ്റിംഗ് പ്രകടനം.
ഇപ്പോളിതാ ഓസീസിനെതിരായ പരമ്പരയിൽ താൻ നേരിട്ട സ്ലെഡ്ജിംഗുകളെക്കുറിച്ച് സംസാരിക്കുകയാണ് പുജാര. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുമ്പോളായിരുന്നു താൻ ഓസീസിൽ നേരിട്ട സ്ലെഡ്ജിംഗുകളെക്കുറിച്ച് പുജാര മനസ് തുറന്നത്. ‘താങ്കൾ ധാരാളം റൺസ് നേടിക്കഴിഞ്ഞെന്നും ബോറടിക്കുന്നില്ലേയെന്നും’ ചോദിച്ച് നഥാൻ ലിയോൺ സ്ലെഡ്ജ് ചെയ്തത് തന്നെ വളരെയധികം രസിപ്പിച്ചെന്നും സ്ലെഡ്ജ് ചെയ്തതിന്ശേഷം ഓസീസ് താരങ്ങൾ സ്വയം ചിരിക്കുമായിരുന്നെന്നും പുജാര കൂട്ടിച്ചേർത്തു.
എന്നാൽ താൻ നേരിട്ട ഏറ്റവും മികച്ച സ്ലെഡ്ജിംഗ് ഏതാണെന്ന് ചോദിച്ചപ്പോൾ മറ്റൊരു സംഭവമായിരുന്നു പുജാരയ്ക്ക് പറയാനുണ്ടായിരുന്നത്. ” താൻ ഓസീസ് താരങ്ങളിൽ നിന്ന് നേരിട്ട ഏറ്റവും മികച്ച സ്ലെഡ്ജിംഗ് ഈ പരമ്പരയിലിലല്ല, 2017 ൽ റാഞ്ചിയിൽ വെച്ച് നടന്ന മൂന്നാം ടെസ്റ്റിലായിരുന്നു അത്. താൻ 170 റൺസ് നേടി ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് താരങ്ങളിലൊരാൾ എനിക്കരികിലെത്തി, തുടർന്ന് ഇപ്പോൾ ഞാൻ ഔട്ടായില്ലെങ്കിൽ അവർക്ക് വീൽചെയർ ആവശ്യപ്പെടേണ്ടി വരുമെന്ന് പറഞ്ഞു. ഇതിനേക്കാൾ മികച്ച സ്ലെഡ്ജിംഗ് ഓസീസ് താരങ്ങളിൽ നിന്ന് താൻ കേട്ടിട്ടില്ല.” പുജാര പറഞ്ഞുനിർത്തി.